18/08/2026
[fontresizer_tawhidurrahmandear_widget]

‘ഗസ്സ സമാധാന പദ്ധതി നടപ്പാക്കുന്നതിൽ നെതന്യാഹു തടസ്സം സൃഷ്ടിക്കുന്നു’; രൂക്ഷവിമർശനവുമായി ജാരഡ് കുഷ്‌നർ

 ‘ഗസ്സ സമാധാന പദ്ധതി നടപ്പാക്കുന്നതിൽ നെതന്യാഹു തടസ്സം സൃഷ്ടിക്കുന്നു’; രൂക്ഷവിമർശനവുമായി ജാരഡ് കുഷ്‌നർ

ജറുസലേം: ഗസ്സയുടെ യുദ്ധാനന്തര ഭാവി സംബന്ധിച്ച യു.എസ് പിന്തുണയുള്ള സമാധാന പദ്ധതിയെച്ചൊല്ലി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും പ്രതിനിധിയുമായ ജാരഡ് കുഷ്‌നറും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമെന്ന് റിപ്പോർട്ടുകൾ. ഗസ്സ സമാധാന പദ്ധതി നടപ്പാക്കുന്നതിൽ നെതന്യാഹു ബോധപൂർവം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് ജാരഡ് കുഷ്‌നർ ആരോപിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിപ്പിച്ചാണ് യു.എസ് മേൽനോട്ടത്തിൽ ഗസ്സ പദ്ധതി തയ്യാറാക്കുന്നത്. ഗസ്സയെ യുദ്ധാനന്തര പുതിയ ഘട്ടത്തിലേക്ക് മാറ്റുന്നതിനായി അടിയന്തരമായി പ്രായോഗിക നടപടികൾ സ്വീകരിക്കേണ്ടത് പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണെന്നാണ് ഇതിനെ പിന്തുണക്കുന്നവരുടെ നിലപാട്. എന്നാൽ, രാഷ്ട്രീയമോ ഭരണപരമോ ആയ പുതിയ ക്രമീകരണങ്ങൾക്ക് അംഗീകാരം നൽകുന്നതിന് മുൻപ് കർശനമായ സുരക്ഷാ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കണമെന്നാണ് നെതന്യാഹുവിന്റെ വാദം.

നിലവിലെ ചർച്ചകളിൽ ഗസ്സയുടെ ഭരണരീതിയിലോ ഘടനയിലോ മാറ്റം വരുത്തുന്ന ഒരു നിർദ്ദേശത്തിനും ഇസ്രായേൽ തത്വത്തിൽ അംഗീകാരം നൽകില്ലെന്ന് നെതന്യാഹു കുഷ്‌നറോട് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഗസ്സയെ പൂർണ്ണമായും സായുധ മുക്തമാക്കുക എന്ന ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യം കൈവരിക്കുന്നത് വരെ ഭരണപരമായ യാതൊരു വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഫലസ്‌തീൻ വിഭാഗങ്ങളുടെ കൈവശമുള്ള മുഴുവൻ ആയുധങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായി തിരിച്ചേൽപിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്നും ഇസ്രായേൽ ആവശ്യപ്പെടുന്നു.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന സമിതി പ്രഖ്യാപിച്ച 15 ഇന ഗസ്സ പദ്ധതി നെതന്യാഹു നേരത്തെ തള്ളിയിരുന്നു. ഹമാസിന്റെ സമ്പൂർണ്ണ നിരായുധീകരണവും ഇസ്രായേൽ സൈനിക പിന്മാറ്റവും ഉൾപ്പെടുന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകൾ. എന്നാൽ, ഇസ്രായേൽ ആക്രമണം പൂർണ്ണമായി അവസാനിപ്പിക്കാതെ ആയുധം താഴെവെക്കില്ലെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് നെതന്യാഹു കരാറിൽ നിന്നും പിൻമാറിയത്. ഇസ്രയേലിന് നിരന്തരം പിന്തുണ നൽകിവരുന്ന ട്രംപ് ഭരണകൂടത്തിലെ പ്രമുഖനായ കുഷ്‌നർ കൂടി എതിർപ്പുമായി രംഗത്തെത്തിയതോടെ, നെതന്യാഹുവിന് വൈറ്റ് ഹൗസിലുള്ള സ്വാധീനം വൻതോതിൽ ഇടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also read: