18/08/2026
[fontresizer_tawhidurrahmandear_widget]

ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര നടത്തി, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

 ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര നടത്തി, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കൊച്ചി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും അമേരിക്കൻ വ്യവസായിയുമായ മൈക്കൽ ബൗലോസ് വിനോദ-ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തി. രാവിലെ ബെംഗളൂരുവിൽനിന്ന് ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ അദ്ദേഹം തുടർന്ന് ആലപ്പുഴയിലെത്തി ഹൗസ് ബോട്ട് യാത്ര നടത്തി.

സംസ്ഥാന അതിഥിയായെത്തിയ ബൗലോസിനൊപ്പം എട്ടംഗ സംഘവും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, ചെന്നൈ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ, എംബസി പ്രതിനിധികൾ എന്നിവരുമുണ്ട്. ‘സ്പൈസ് റൂട്ട്’ എന്ന ഹൗസ് ബോട്ടിലായിരുന്നു കായൽ യാത്ര. വള്ളംകളി കാണാൻ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹം, പുന്നമടക്കായലിൽ നടന്ന നിരണം ചുണ്ടന്റെയും പിബിസിയുടെയും ട്രയലുകൾ വീക്ഷിച്ചു. സുരക്ഷാ കാരണങ്ങളാൽ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സന്ദർശനത്തിനിടെ അദ്ദേഹം മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരത്തോടെ കൊച്ചിയിലേക്ക് തിരിക്കുന്ന സംഘം, ചരിത്രപ്രധാനമായ സെന്റ് ഫ്രാൻസിസ് പള്ളിയും മട്ടാഞ്ചേരി ജൂത തെരുവിലെ സിനഗോഗും സന്ദർശിച്ചേക്കും.

ട്രംപിന്റെയും മാർള മേപ്പിൾസിന്റെയും മകളായ ടിഫാനി ട്രംപിന്റെ ഭർത്താവാണ് ലെബനീസ്-അമേരിക്കൻ വംശജനായ മൈക്കൽ ബൗലോസ്. നയതന്ത്രജ്ഞനായ മസാദ് ബൗലോസാണ് പിതാവ്. 2022 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ മേയിൽ ടിഫാനിക്കൊപ്പം ഇന്ത്യയിലെത്തിയ ഇരുവരും ഡൽഹി അക്ഷർധാം ക്ഷേത്രവും സന്ദർശിച്ചിരുന്നു. ഇന്ന് വൈകീട്ടോടെ സംഘം മടങ്ങുമെന്നാണ് വിവരം.

Also read: