27/11/2026
[fontresizer_tawhidurrahmandear_widget]

‘യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കും’; മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

 ‘യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കും’; മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

കണ്ണൂർ: യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സലാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ടി.ഐ. മധുസൂദനനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ നിയമനടപടിയുമായി രംഗത്തെത്തിയത്.

നവംബർ 20-ന് കണ്ണൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, തങ്ങൾ ഒന്നും മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നുമായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ടി.ഐ. മധുസൂദനന്റെ പരാമർശത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ‘ചോരയ്ക്ക് പകരം ചോദിക്കും’ എന്ന പരാമർശത്തിനെതിരെ സി.പി.എം നേതാവ് കെ.കെ. രാഗേഷും രംഗത്തെത്തിയിരുന്നു. ടി.ഐ. മധുസൂദനൻ മുഖ്യമന്ത്രിയോ എം.എൽ.എയോ അല്ലെന്നും, അദ്ദേഹത്തിന്റെ പരാമർശങ്ങൾ മാത്രം ഒറ്റതിരിച്ച് ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലെന്നും രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ആർക്കും ഒരു പ്രശ്നമായിരുന്നില്ലല്ലോ എന്ന് ചോദിച്ച അദ്ദേഹം, ‘ചോരയ്ക്ക് ചോര’ എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടതെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയേക്കാൾ വലിയ ആളല്ല മധുസൂദനനെന്നും, ചോരയ്ക്ക് ചോര എന്നത് കടുത്ത പദപ്രയോഗമാണെന്നും അതിനേക്കാൾ വലുതല്ല ‘പകരത്തിന് പകരം’ എന്ന പ്രയോഗമെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

Also read: