26/11/2026
[fontresizer_tawhidurrahmandear_widget]

‘ഹിന്ദുവായ ഞാൻ എഴുതിയ ബൈബിൾ പ്രഭാഷണ പുസ്തകം ഇംഗ്ലീഷിലാക്കിയത് ഒരു മുസ്‌ലിം പെൺകുട്ടി; നമ്മളെല്ലാവരും ചേർന്ന് വിചാരിച്ചാൽ ഇതൊക്കെ കേരളത്തിൽ നടക്കും’: വി.ഡി. സതീശൻ

 ‘ഹിന്ദുവായ ഞാൻ എഴുതിയ ബൈബിൾ പ്രഭാഷണ പുസ്തകം ഇംഗ്ലീഷിലാക്കിയത് ഒരു മുസ്‌ലിം പെൺകുട്ടി; നമ്മളെല്ലാവരും ചേർന്ന് വിചാരിച്ചാൽ ഇതൊക്കെ കേരളത്തിൽ നടക്കും’: വി.ഡി. സതീശൻ

ചങ്ങനാശേരി: ‘ആദം നീ എവിടെയാകുന്നു’ എന്ന തന്റെ ബൈബിൾ പ്രഭാഷണങ്ങളുടെ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഒരു മുസ്‌ലിം പെൺകുട്ടിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചങ്ങനാശേരി പാറേൽ പള്ളിയിലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഹിന്ദുവായ നിങ്ങൾ ബൈബിൾ പ്രഭാഷണം നടത്തി പുസ്തകം ഇറക്കിയല്ലേ എന്ന് പലരും എന്നോട് ചോദിച്ചു. എന്നാൽ അതിനേക്കാൾ രസകരമായ കാര്യം, അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മലയാളിയായ ഒരു മുസ്‌ലിം പെൺകുട്ടിയാണ് എന്നതാണ്. പഞ്ചാബിൽ പഠിപ്പിക്കുന്ന ഒരു പെൺകുട്ടിയാണ് ‘ആദം വേർ ആർട്ട് ദൗ?’ (Adam Where Art Thou?) എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. നമ്മളെല്ലാവരും ചേർന്ന് വിചാരിച്ചാൽ ഇങ്ങനെയൊക്കെ കേരളത്തിൽ നടക്കും”- മുഖ്യമന്ത്രി പറഞ്ഞു.

ദൈവവിശ്വാസം മനുഷ്യരെ ഭിന്നിപ്പിക്കാനുള്ളതല്ലെന്നും, അത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാവരും സഹോദരങ്ങളായി പ്രവർത്തിക്കണമെന്നാണ് കർത്താവ് പറഞ്ഞിരിക്കുന്നത്. ഈ ദേവാലയം ഒരുപാട് പേർക്ക് ആശ്വാസവും അത്താണിയുമായി മാറട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

നാലു ചുമരും മേൽക്കൂരയും ചേർന്നാൽ മാത്രം ദേവാലയമാകില്ലെന്നും അതിനൊപ്പം വിശ്വാസികളുടെ തീക്ഷ്ണമായ പ്രാർത്ഥന കൂടി ചേരണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ജീവിതത്തെ ധീരമായി നേരിടാനുള്ള കരുത്ത് പ്രാർത്ഥിച്ചിറങ്ങുന്ന ആൾക്ക് ഉണ്ടാകണം. കുടുംബബന്ധങ്ങൾ സുദൃഢമാകുന്നതിൽ ആത്മീയതയ്ക്ക് വലിയ പങ്കുണ്ട്. എല്ലാവരും ദൈവഭയമുള്ളവരാകണമെന്നും, എന്നാൽ രാഷ്ട്രീയപ്രവർത്തകർക്ക് ദൈവഭയത്തിനൊപ്പം മനുഷ്യഭയവും വേണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ എല്ലാം നോക്കിക്കാണുന്നുണ്ടെന്ന ബോധ്യം എപ്പോഴും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read: