‘ഗസ്സ തലമുറകളോളം തകർന്നുതന്നെ കിടക്കണം’; ഫലസ്തീനികളുടെ നിരാശ ഇസ്രയേലിന് ഗുണമെന്ന് മുൻ ജനറൽ
തെൽ അവീവ്: ഗസ്സ മുനമ്പ് ഇനിയൊരിക്കലും പുനർനിർമിക്കപ്പെടരുത് എന്നും, തലമുറകളോളം അത് പൂർണമായും തകർന്നുതന്നെ കിടക്കണമെന്നും ഇസ്രയേൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ മുൻ മേധാവിയും റിട്ടയേർഡ് മേജർ ജനറലുമായ ഗിയോറ ഐലൻഡ്. ഫലസ്തീനികളുടെ നിരാശയും അവർ നേരിടുന്ന നാശനഷ്ടങ്ങളും ഇസ്രയേലിന്റെ സുരക്ഷയ്ക്കും ഭാവി താത്പര്യങ്ങൾക്കും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രയേലിലെ 103 എഫ്.എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ജനറൽ ഈ വിവാദ പരാമർശങ്ങൾ നടത്തിയതെന്ന് ‘മിഡിൽ ഈസ്റ്റ് ഐ’ റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സ പുനർനിർമിക്കുന്നതിൽ ഇസ്രയേലിന് യാതൊരു താത്പര്യവുമില്ലെന്നും, ഒക്ടോബർ ഏഴിലെ സംഭവങ്ങൾക്കുള്ള ഒരു ഓർമ്മപ്പെടുത്തലും സ്മാരകവുമായി ഈ തകർച്ച നിലനിൽക്കണമെന്നുമാണ് ഐലൻഡിന്റെ വാദം. യുദ്ധത്തിൽ പരാജയപ്പെടുന്ന രാജ്യങ്ങൾക്ക് ഭൂമി നഷ്ടപ്പെടുമെന്നത് ചരിത്രപരമായ സത്യമാണെന്ന് പറഞ്ഞ അദ്ദേഹം, രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട ജർമനിക്ക് അവരുടെ 25 ശതമാനം ഭൂമി വിട്ടുനൽകേണ്ടി വന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. കൂടാതെ, ഗസ്സയ്ക്കുള്ളിൽ ഇസ്രയേൽ സൈന്യം നിലവിൽ കൈവശപ്പെടുത്തിയിരിക്കുന്ന ‘യെല്ലോ ലൈൻ’ പ്രദേശം ഒരു കാരണവശാലും വിട്ടുകൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയുടെ ആകെ വിസ്തൃതിയുടെ 70 ശതമാനത്തോളം വരുന്ന ഈ പ്രദേശം ജൂത സെറ്റിൽമെന്റുകൾക്കായല്ല, മറിച്ച് ഇസ്രയേൽ സൈന്യത്തിന് നിലയുറപ്പിക്കാനുള്ള ശക്തമായ സുരക്ഷാ കവചമായി തന്നെ ഉപയോഗിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പ്രതിപക്ഷ നേതാവ് അവിദോർ ലീബർമാന്റെ രാഷ്ട്രീയ നിലപാടുകളോട് അനുഭാവം പുലർത്തുന്ന ഐലൻഡ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നയതന്ത്ര രീതികളെയും രൂക്ഷമായി വിമർശിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന ഗസ്സ പദ്ധതി തികച്ചും ഹമാസ് അനുകൂലമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ അമേരിക്കയോട് നേരിട്ട് നോ പറയുന്നതിന് പകരം തന്ത്രപരമായ നിബന്ധനകൾ വെച്ച് മറുപടി നൽകാനാണ് അദ്ദേഹം നെതന്യാഹുവിനെ ഉപദേശിക്കുന്നത്. വാഷിങ്ടണുമായുള്ള നയതന്ത്ര ബന്ധത്തിൽ നെതന്യാഹു-ട്രംപ് സൗഹൃദത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലി മുൻ ജനറലിന്റെ ഈ തീവ്ര നിലപാടുകൾ പുറത്തുവരുമ്പോഴും ഗസ്സയിൽ ഫലസ്തീൻ ജനത നേരിടുന്ന മാനുഷിക ദുരന്തം അതീവ ഗുരുതരമായി തുടരുകയാണ്. ഒക്ടോബർ 11-ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം മാത്രം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 1,258 ഫലസ്തീനികൾ കൊല്ലപ്പെടുകയും 4,139 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 10 മാസത്തിനിടെ ഗസ്സയിൽ കുറഞ്ഞത് 300 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള ഏജൻസിയായ യുണിസെഫ് വ്യക്തമാക്കി. 2023 ഒക്ടോബർ 7 മുതൽ ഇതുവരെ ഇസ്രയേൽ നടത്തിയ അതിരൂക്ഷമായ ആക്രമണങ്ങളിൽ ഗസ്സയിൽ ആകെ 73,386 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,74,250 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.