12/06/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങളുടെ വോട്ടുകൾ എവിടെപ്പോയി?’; ബംഗാളിലെ മുസ്‌ലിം ഭൂരിപക്ഷ ബൂത്തിൽ ബിജെപിക്ക് 97 ശതമാനം വോട്ട്, വൻ അട്ടിമറിയെന്ന് ആരോപണം

 ‘ഞങ്ങളുടെ വോട്ടുകൾ എവിടെപ്പോയി?’; ബംഗാളിലെ മുസ്‌ലിം ഭൂരിപക്ഷ ബൂത്തിൽ ബിജെപിക്ക് 97 ശതമാനം വോട്ട്, വൻ അട്ടിമറിയെന്ന് ആരോപണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാജർഹട്ട് ന്യൂ ടൗൺ മണ്ഡലത്തിലെ വോട്ടെണ്ണലിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് വോട്ടർമാർ രംഗത്ത്. 88 ശതമാനത്തോളം മുസ്‌ലിം വോട്ടർമാരുള്ള ഒരു ബൂത്തിൽ ബിജെപി 97 ശതമാനം വോട്ട് നേടി അട്ടിമറി വിജയം സ്വന്തമാക്കിയതാണ് വോട്ടർമാരെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്. മുസൽമാൻ പാരാ എന്ന പ്രദേശത്തെ 164-ാം നമ്പർ ബൂത്തിലാണ് തികച്ചും അവിശ്വസനീയമായ ഈ വോട്ടിംഗ് ഫലം പുറത്തുവന്നിരിക്കുന്നത്.

ഈ ബൂത്തിൽ ആകെ പോൾ ചെയ്ത 656 വോട്ടുകളിൽ 637 വോട്ടുകളും ലഭിച്ചത് ബിജെപി സ്ഥാനാർഥിയായ പിയൂഷ് കനോദിയയ്ക്കാണ്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി തപഷ് ചാറ്റർജിക്ക് കേവലം അഞ്ച് വോട്ടുകളും സിപിഎം-ഐഎസ്എഫ് സഖ്യ സ്ഥാനാർഥി സപ്തർഷി ദേബിന് ഒരു വോട്ടും മാത്രമാണ് ഇവിടെ ലഭിച്ചത്. എന്നാൽ ഈ പ്രദേശത്ത് തന്നെയുള്ള തൊട്ടടുത്ത 165-ാം നമ്പർ ബൂത്തിലെ ഫലം ഇതിന് തികച്ചും വിപരീതമാണ്. ഇവിടെ ബിജെപിക്ക് വെറും 32 വോട്ടുകൾ മാത്രം ലഭിച്ചപ്പോൾ ഇടതുപക്ഷത്തിന് 299 വോട്ടുകളും തൃണമൂലിന് 290 വോട്ടുകളും ലഭിച്ചു. വോട്ടർമാരുടെ എണ്ണം കൂടുതലായതിനാൽ വ്യക്തമായ യാതൊരു മാനദണ്ഡവുമില്ലാതെയാണ് അധികൃതർ ഈ പ്രദേശത്തെ ഒരേ കുടുംബങ്ങളിലെ വോട്ടർമാരെപ്പോലും 164, 165 എന്നീ രണ്ട് ബൂത്തുകളിലേക്കായി വിഭജിച്ചത്. താൻ 165-ാം ബൂത്തിലും തന്റെ 25 വയസ്സുകാരനായ മകൻ ഷാഹിനൂർ 164-ാം ബൂത്തിലുമാണ് വോട്ട് ചെയ്തതെന്ന് പ്രദേശവാസിയായ റുക്‌സാന ബീഗം മാധ്യമങ്ങളോട് പ്രതികരിച്ചു.

വോട്ടെണ്ണൽ പ്രക്രിയയിലും വലിയ ക്രമക്കേടുകൾ നടന്നതായി ആരോപണമുണ്ട്. ബംഗാൾ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസത്തിന് ശേഷമാണ് ഈ മണ്ഡലത്തിലെ ഫലപ്രഖ്യാപനം നടന്നത്. മണ്ഡലത്തിലെ 10 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ 330 പോളിങ് സ്റ്റേഷനുകളിലെ വോട്ടുകൾ ഓരോ റൗണ്ടിലും 20 ഇവിഎമ്മുകൾ വീതം 17 റൗണ്ടുകളിലായി എണ്ണിത്തീർക്കാനായിരുന്നു മുൻകൂർ തീരുമാനം. എന്നാൽ ഈ ധാരണകൾ അട്ടിമറിച്ച് വോട്ടെണ്ണൽ 18 റൗണ്ടുകളാക്കി വർദ്ധിപ്പിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിന് പുറമെ, യഥാർഥത്തിൽ പോൾ ചെയ്തതിനേക്കാൾ 52 വോട്ടുകൾ അധികമായി ഇവിഎം മെഷീനിൽ കാണിച്ചതും വലിയ പ്രശ്നമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി പോളിങ് ഏജൻ്റുമാർ പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ട് മണിക്കൂറോളം വോട്ടെണ്ണൽ തടസ്സപ്പെട്ടിരുന്നു. വോട്ടെണ്ണലിന്റെ 17-ാം റൗണ്ട് വരെ ബിജെപി സ്ഥാനാർഥി പീയൂഷ് കനോദിയ തൃണമൂൽ സ്ഥാനാർഥിക്ക് പിന്നിലായിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ വിവാദമായ 164-ാം ബൂത്തിലെ വോട്ടുകൾ കൂടി എണ്ണിയതോടെയാണ് ഫലം നാടകീയമായി മാറിമറിഞ്ഞത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തങ്ങൾ ചെയ്ത വോട്ടുകൾ എവിടെപ്പോയി എന്ന ചോദ്യവുമായി അക്ഷരാർഥത്തിൽ അന്തംവിട്ടിരിക്കുകയാണ് നാട്ടുകാർ. സിപിഎം പഞ്ചായത്ത് അംഗങ്ങളും സജീവ ഐഎസ്എഫ് പ്രവർത്തകരുമടക്കം താമസിക്കുന്ന പ്രദേശമാണിത്. ഇവർ ഉൾപ്പെടെയുള്ള പ്രദേശവാസികൾ എല്ലാവരും കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് 164-ാം ബൂത്തിലെ ഫലം സൂചിപ്പിക്കുന്നത്. ബിജെപിക്ക് യാതൊരു സ്വാധീനവുമില്ലാത്ത ഈ പ്രദേശത്ത് എക്കാലത്തും സിപിഎമ്മും തൃണമൂലും തമ്മിലാണ് പ്രധാന മത്സരം നടക്കാറുള്ളതെന്ന് സിപിഎം അനുഭാവിയായ അഷ്റഫ് അലി പറയുന്നു. തങ്ങളുടെ ബൂത്തിൽ നിന്ന് ബിജെപിക്ക് ഇത്രയധികം വോട്ടുകൾ എങ്ങനെ ലഭിച്ചുവെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും ഇതിൽ വലിയ അസ്വാഭാവികതയുണ്ടെന്നും പ്രദേശവാസികൾ ഉറപ്പിച്ചു പറയുന്നു. ആർക്കാണ് തങ്ങൾ വോട്ട് ചെയ്തതെന്ന് പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടാണ് നാട്ടുകാർ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Also read: