12/06/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യൻ കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

 ഇന്ത്യൻ കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒമാൻ തീരത്ത് അമേരിക്കൻ നാവികസേനയുടെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ, ഇന്ത്യ യു.എസ് നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി കടുത്ത പ്രതിഷേധം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഇന്ത്യൻ നാവികരുള്ള മൂന്ന് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഒമാൻ തീരത്ത് വെച്ച് യു.എസ് നാവികസേനയുടെ മിസൈലേറ്റ് തീപിടിച്ച ചരക്കുകപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ കാണാതാവുകയും പിന്നീട് ഇവർ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിന്റെ ചുമതലയുള്ള ജെയ്‌സൺ മീക്‌സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചു.

എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയത് ഇറാനാണെന്നാണ് ട്രംപിന്റെ വാദം. ഈ ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും ഇത്തരത്തിലുള്ള നടപടികൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചു.

ഇന്ത്യൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് പരാമർശിക്കുന്നതിനൊപ്പം, അമേരിക്കയുമായുള്ള സമാധാന കരാറിനെക്കുറിച്ച് ഇറാൻ തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്നും ട്രംപ് ആരോപിച്ചു. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടുമെന്നും, ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിൽ തന്നെ തുടരുമെന്നുമുള്ള ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. രേഖാമൂലം അംഗീകരിച്ച നിബന്ധനകളുമായി യാതൊരു ബന്ധവുമില്ലാത്ത അവാസ്തവമായ കാര്യങ്ങളാണ് അവർ പ്രചരിപ്പിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം, അമേരിക്കയുമായുള്ള ‘ഇസ്ലാമാബാദ് ധാരണാപത്രം’ ഉടൻ യാഥാർഥ്യമാകുമെന്ന സൂചന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നൽകി. കരാർ ഇതിനുമുമ്പ് ഒരിക്കലും ഇത്രയും അടുത്തെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്തിമരൂപം പൂർത്തിയാകുന്നതുവരെ മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഉത്തരവാദിത്തത്തോടെയുള്ള സമീപനത്തിന്റെ ഭാഗമായി കരാറിന്റെ എല്ലാ വിശദാംശങ്ങളും കൃത്യസമയത്ത് ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Also read: