19/06/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിൽ മലയാളി യുവാവിനെ കള്ളനെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു; അഞ്ചുപേർ അറസ്റ്റിൽ

 ബംഗാളിൽ മലയാളി യുവാവിനെ കള്ളനെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു; അഞ്ചുപേർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മലയാളി യുവാവിനെ കള്ളനെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു. സൗത്ത് 24 പർഗനാസ് ജില്ലയിലെ കുൽതാലിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട മുപ്പതുകാരന്റെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

കേരളത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന ബംഗാളി സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ടാഴ്ച മുമ്പ് യുവാവ് കുൽതാലിയിലെ സങ്കീജഹാൻ എന്ന സ്ഥലത്ത് എത്തിയത്. സംഭവദിവസം രാവിലെ സമീപത്തെ മാർക്കറ്റിലേക്ക് തനിയെ പോയ യുവാവിന് വഴിതെറ്റുകയായിരുന്നു. തുടർന്ന് മറ്റൊരു പ്രദേശത്തെത്തിയ ഇയാളെ നാട്ടുകാർ സംശയത്തോടെ ചോദ്യം ചെയ്തു. എന്നാൽ ഭാഷാപരമായ പരിമിതികൾ കാരണം യുവാവിന് കൃത്യമായി ആശയവിനിമയം നടത്താൻ സാധിച്ചില്ല.

തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ, നാട്ടുകാർ ഇയാളെ കള്ളനെന്ന് ആരോപിച്ച് കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുൽതാലി പോലീസ് സ്ഥലത്തെത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാവിനൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Also read: