‘ഇലക്ട്രിക് ഷോക്കേൽപ്പിച്ചു, മൂത്രം കുടിപ്പിച്ചു’; ആത്മീയതയുടെ മറവിൽ 15 വർഷത്തോളം കൊടിയ ലൈംഗിക പീഡനം; വ്യാജ ആത്മീയ ഗുരു അറസ്റ്റിൽ
മുംബൈ: ആത്മീയതയുടെ മറവിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത പൂനെയിലെ വ്യാജ ഗുരു രാധാമോഹൻ മിശ്രയെയും മറ്റ് ഏഴ് അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയ നാൽപ്പത്തിയൊന്നുകാരിയെ കഴിഞ്ഞ പതിനഞ്ച് വർഷത്തോളം ക്രൂരമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുനെ സിറ്റി ക്രൈം ബ്രാഞ്ച് നടപടി സ്വീകരിച്ചത്. ഇയാളുടെ പ്രധാന അനുയായിയായ കൻവൽ നയൻ എന്നയാളും മറ്റ് ആറ് സ്ത്രീകളുമാണ് പ്രതിക്കൊപ്പം പിടിയിലായിട്ടുള്ളത്. പൂനെയിലെ ഒരു ബംഗ്ലാവിൽ വെച്ചാണ് ഇന്നലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പൂനെയിലെ ഒരു പ്രമുഖ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വീട്ടമ്മയായ പരാതിക്കാരി, തന്റെ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് പ്രതിയെ സമീപിച്ചത്. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന ഇയാൾ തന്നെ നിരന്തരം ബലാത്സംഗം ചെയ്യുകയും ഇലക്ട്രിക് ഷോക്ക് നൽകുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. ഇതിന് പുറമെ പ്രതി തന്നെ നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തിരുന്നു. ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനും സ്വന്തം പേരിലുള്ള സ്വത്തുക്കൾ എഴുതി നൽകാനും ഇയാൾ യുവതിയെ നിർബന്ധിച്ചു. തന്നെക്കൂടാതെ മറ്റ് നിരവധി സ്ത്രീകളും സമാനമായ രീതിയിൽ ഇയാളുടെ ക്രൂരമായ ചൂഷണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും യുവതി പോലീസിന് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആശ്രമത്തിൽ നിന്ന് അതി സാഹസികമായി രക്ഷപ്പെട്ടാണ് പോലീസിനടുത്തെത്തിയതെന്നും യുവതി പറഞ്ഞു.
പ്രതി താമസിച്ചിരുന്ന ബംഗ്ലാവിൽ പോലീസ് നടത്തിയ വിശദമായ റെയ്ഡിൽ നിർണായകമായ പല തെളിവുകളും ലഭിച്ചു. ഇവിടെ നിന്നും 19 ഹാർഡ് ഡിസ്കുകൾ, 12 ലാപ്ടോപ്പുകൾ, 11 മൊബൈൽ ഫോണുകൾ, 23 പെൻഡ്രൈവുകൾ തുടങ്ങിയ വൻ ഡിജിറ്റൽ ശേഖരവും, 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, ആറര ലക്ഷം രൂപയും, 10 വെടിയുണ്ടകളും ക്രൈം ബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഇതിനെല്ലാം പുറമെ, പ്രതികൾക്ക് രഹസ്യമായി രക്ഷപ്പെടാൻ കഴിയുന്ന രീതിയിൽ വീട്ടിനുള്ളിൽ നിന്ന് പുറത്തേക്ക് നിർമ്മിച്ച ഒരു ഭൂഗർഭ അറയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.