19/06/2026
[fontresizer_tawhidurrahmandear_widget]

‘ആരാടോ പാകിസ്ഥാനി?, എൻ്റെ മുത്തച്ഛൻ ഇന്ത്യൻ ആർമിയിലായിരുന്നു’, വാടക തർക്കത്തിനിടെ യുവാവിനെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച് അധിക്ഷേപം; മാപ്പ് പറയിപ്പിച്ച് പോലീസ്

 ‘ആരാടോ പാകിസ്ഥാനി?, എൻ്റെ മുത്തച്ഛൻ ഇന്ത്യൻ ആർമിയിലായിരുന്നു’, വാടക തർക്കത്തിനിടെ യുവാവിനെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച് അധിക്ഷേപം; മാപ്പ് പറയിപ്പിച്ച് പോലീസ്

ഹൈദരാബാദ്: ഹൈദരാബാദിലെ ജവഹർനഗറിലെ അപ്പാർട്ട്മെന്റിൽ വാടക നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. ജവഹർനഗറിലെ ജനപ്രിയ ലേക്ക് ഫ്രണ്ട് സൊസൈറ്റിയിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സൊസൈറ്റിയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന പ്രായമായ സ്ത്രീയായ നസീമ, സൊസൈറ്റി മാനേജ്മെന്റിനെ അറിയിക്കാതെ ബന്ധുക്കളായ ദമ്പതികളെ ഒപ്പം താമസിപ്പിച്ചതിനെതിരെയും, മൂന്നുമാസത്തെ വാടകയും മെയിന്റനൻസ് തുകയും നൽകാത്തതിനെ ചോദ്യം ചെയ്തും സൊസൈറ്റി മാനേജിംഗ് കമ്മിറ്റി സെക്രട്ടറിയും മറ്റ് താമസക്കാരും എത്തിയതോടെയാണ് തർക്കം ആരംഭിച്ചത്. ഇതിന് പുറമെ യുവാവ് കൊണ്ടുവന്ന വളർത്തുപൂച്ച മറ്റ് താമസക്കാർക്ക് ശല്യമാകുന്നുവെന്ന പരാതിയും സൊസൈറ്റിയിലുണ്ടായിരുന്നു.

തുടർന്ന് അപ്പാർട്ട്മെന്റിലെ താമസക്കാർ ഇവരുടെ ഫ്ലാറ്റിലെത്തി ചോദ്യം ചെയ്യുകയും ഇത് വലിയ വാക്കുതർക്കത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടയിലാണ് ഫ്ലാറ്റിൽ പുതുതായി താമസിക്കാനെത്തിയ 26 വയസ്സുകാരനായ യുവാവിനോടും പങ്കാളിയോടും സെക്രട്ടറി അവരുടെ പശ്ചാത്തലം ചോദിച്ചറിയുകയും ‘പാകിസ്ഥാനി’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്. ഇവർ നിയമവിരുദ്ധമായാണ് ഇവിടെ താമസിക്കുന്നതെന്നും, ബോംബ് വെക്കാനാണോ ഇന്ത്യയിൽ വന്നിരിക്കുന്നതെന്നും സെക്രട്ടറി ആരോപിച്ചതായി ദമ്പതികൾ പറയുന്നു. എന്നാൽ താൻ ഇന്ത്യക്കാരനാണെന്നും തന്നെ പാകിസ്ഥാനി എന്ന് വിളിക്കരുതെന്നും യുവാവ് ക്ഷോഭത്തോടെ പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. “ആരാടോ പാകിസ്ഥാനി, എന്റെ മുത്തച്ഛൻ ഇന്ത്യൻ ആർമിയിൽ സുബേദാറായിരുന്നു” എന്ന് യുവാവ് വീഡിയോയിൽ ശക്തമായി വാദിക്കുന്നുണ്ട്. തന്റെ മകൻ ഡൽഹിയിലും മകൾ മഹാരാഷ്ട്രയിലുമാണ് താമസിക്കുന്നതെന്നും ഈ യുവാവ് തനിക്കൊപ്പം താമസിക്കാൻ എത്തിയതാണെന്നും പ്രായമായ സ്ത്രീ മറ്റ് താമസക്കാരോട് വിശദീകരിച്ചു.

തർക്കം രൂക്ഷമായതോടെ ജവഹർനഗർ ഇൻസ്പെക്ടർ എസ്. സൈദുലുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരുമായി സംസാരിച്ച പൊലീസ് പ്രശ്നം രമ്യമായി പരിഹരിച്ചു. നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ സൊസൈറ്റി സെക്രട്ടറിയും മറ്റ് താമസക്കാരും യുവാവിനോട് മാപ്പ് പറഞ്ഞു. അപ്പാർട്ട്മെന്റിലെ നിയമങ്ങൾ പാലിക്കാൻ തയ്യാറാണെന്നും ആവശ്യമെങ്കിൽ താമസം മാറാമെന്നും കുടുംബം സമ്മതിക്കുകയും ചെയ്തു. സംഭവത്തിൽ ശാരീരികമായ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ പൊലീസ് പ്രത്യേകിച്ച് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. വാക്കുതർക്കത്തിനൊടുവിൽ ഇരുകൂട്ടരും തമ്മിൽ സമവായത്തിലെത്തിയതായും അധിക്ഷേപിച്ചവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ചതായും പൊലീസ് അറിയിച്ചു.

Also read: