04/09/2026
[fontresizer_tawhidurrahmandear_widget]

‘അപകീര്‍ത്തിപ്പെടുത്തണം എന്നതായിരുന്നു ദുരുദേശ്യം’; ഹരിത സാവിത്രിക്കെതിരെ നിയമനടപടിയുമായി കെ.ആര്‍ മീര 

 ‘അപകീര്‍ത്തിപ്പെടുത്തണം എന്നതായിരുന്നു ദുരുദേശ്യം’; ഹരിത സാവിത്രിക്കെതിരെ നിയമനടപടിയുമായി കെ.ആര്‍ മീര 

കൊച്ചി: പ്രമുഖ എഴുത്തുകാരി കെ.ആര്‍ മീരയുടെ ‘കലാച്ചി’ എന്ന നോവലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ നിയമനടപടി. തന്നെ പൊതുസമൂഹത്തിലും വായനക്കാരുടെ മുന്നിലും അപകീര്‍ത്തിപ്പെടുത്താന്‍ ദുരുദ്ദേശ്യത്തോടെ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരി ഹരിത സാവിത്രിക്ക് കെ.ആര്‍ മീര ലീഗല്‍ നോട്ടീസ് അയച്ചു. സമൂഹമാധ്യമത്തിലൂടെയാണ് മീര ഇക്കാര്യം വ്യക്തമാക്കിയത്.

ഹരിത സാവിത്രിയുടെ ‘സിന്‍’ എന്ന നോവലിന്റെയും കെ.ആര്‍ മീരയുടെ ‘കലാച്ചി’യുടെയും ഉള്ളടക്കത്തിന് സാമ്യമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയിലേക്ക് പോകുന്ന യുവതികളുടെ പോരാട്ടമാണ് ഇരു നോവലുകളുടെയും പ്രമേയം. 2022-ല്‍ ‘സിന്‍’ പുറത്തിറങ്ങിയപ്പോള്‍, 2025-ലാണ് ‘കലാച്ചി’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിനിടെ, സാഹിത്യ ചോരണത്തെക്കുറിച്ച് ഹരിത സാവിത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് മീരയ്ക്കെതിരെയുള്ള ഒളിയമ്പാണെന്ന ചര്‍ച്ചകള്‍ കൊഴുത്തു. എന്നാല്‍, ‘കലാച്ചി’ 2020 നവംബര്‍ മുതല്‍ തന്നെ ഖണ്ഡഃശ്ശയായി പ്രസിദ്ധീകരിച്ചു വന്നിരുന്നതാണെന്ന് മീര നേരത്തെ മറുപടി നല്‍കിയിരുന്നു.

ഹരിതയുടെ ആരോപണങ്ങള്‍ തനിക്കെതിരെ അവമതിപ്പ് സൃഷ്ടിച്ച സാഹചര്യത്തിലാണ് അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍ മുഖേന ലീഗല്‍ നോട്ടീസ് അയച്ചതെന്ന് മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നോട്ടീസിലെ ആവശ്യങ്ങള്‍ നിശ്ചിത സമയത്തിനകം ഹരിത നടപ്പിലാക്കാത്ത പക്ഷം നീതിക്കായി കോടതിയെ സമീപിക്കുമെന്നും മീര വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസിനുള്ള മറുപടി ലഭിച്ച ശേഷം തുടര്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also read: