സൗന്ദര്യം വർധിപ്പിക്കാനുള്ള ഫെയർനെസ് ക്രീം വിനയായി; നാഗ്പൂരിൽ 18 സ്ത്രീകൾക്ക് വൃക്കരോഗം; പാകിസ്താനിൽ നിന്നെത്തിയ ഉത്പന്നങ്ങളെന്ന് ആരോപണം
നാഗ്പൂർ: വെളുക്കാൻ വേണ്ടി ഉപയോഗിച്ച സൗന്ദര്യവർധക ക്രീമുകൾ വിനയായി മാറി മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പതിനെട്ടോളം സ്ത്രീകൾക്ക് ഗുരുതരമായ വൃക്കരോഗങ്ങൾ പിടിപെട്ടു. സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിലൂടെയും വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ‘ഗോറി ബ്യൂട്ടി ക്രീം’ ഉൾപ്പെടെയുള്ള ഫെയർനെസ് ക്രീമുകൾ ഉപയോഗിച്ചവരിലാണ് ഈ ഞെട്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത്. ഈ ഉൽപ്പന്നങ്ങൾ പാകിസ്താനിൽ നിന്നും അനധികൃതമായി എത്തിയവയാണെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണ് സമാനമായ രോഗലക്ഷണങ്ങളുമായി ഇത്രയധികം സ്ത്രീകൾ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്.
സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് ഭരണവിഭാഗം (എഫ്.ഡി.എ) നടത്തിയ കർശന പരിശോധനയിൽ ഈ ക്രീമുകളിൽ അനുവദനീയമായതിലും വളരെ ഉയർന്ന തോതിൽ മെർക്കുറി, ലെഡ് തുടങ്ങിയ വിഷാംശങ്ങളുള്ള ഘനലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ചർമത്തിൻ്റെ നിറം വർധിപ്പിക്കുന്നതിനായി മെലാനിൻ ഉൽപ്പാദനം തടയുകയാണ് ഇത്തരം ക്രീമുകൾ ചെയ്യുന്നത്. എന്നാൽ ഇവയിലെ ഉയർന്ന മെർക്കുറിയുടെ സാന്നിധ്യം ചർമത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും രക്തത്തിൽ കലർന്ന് നേരിട്ട് വൃക്കകളെ തകർക്കുകയും ചെയ്യുന്നു. ഗോറി ബ്യൂട്ടി ക്രീമിന് പുറമെ ‘ഫെയ്സ് ഫ്രഷ് ഗോൾഡ്’, ‘ഗോൾഡൻ സ്റ്റാർ ബ്യൂട്ടി ക്രീം’ തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളിലും അപകടകരമായ ഇത്തരം രാസവസ്തുക്കൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
രോഗബാധകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എഫ്ഡിഎ നാഗ്പൂരിലെ വിവിധ കടകളിലും ഗോഡൗണുകളിലും വ്യാപകമായ റെയ്ഡുകൾ നടത്തുകയും വൻതോതിൽ ക്രീമുകൾ പിടിച്ചെടുക്കുകയും ചെയ്തു. ലേബലുകളിൽ നിർമാതാക്കളുടെ വിലാസമോ, നിർമിച്ച തീയതിയോ, എക്സ്പയറി തീയതിയോ കൃത്യമായി രേഖപ്പെടുത്താതെയാണ് ഇവ വിപണിയിൽ എത്തിയിരുന്നത്. തുടർന്ന് ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് കർശനമായി നിരോധിച്ചു. ഇവ ഉപയോഗിക്കുന്നവർ അടിയന്തരമായി അത് നിർത്തണമെന്നും, നിലവിലുള്ള സ്റ്റോക്കുകൾ പിൻവലിക്കാൻ വിതരണക്കാർക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും കർശന നിർദേശം നൽകിയതായും എഫ്ഡിഎ കമ്മീഷണർ വ്യക്തമാക്കി.
ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ട് ഇത്തരം വ്യാജ ക്രീമുകൾ വാങ്ങി ഉപയോഗിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. മെർക്കുറി അടങ്ങിയ ക്രീമുകളുടെ ദീർഘകാല ഉപയോഗം വൃക്കകളെ മാത്രമല്ല, നാഡീവ്യൂഹത്തെയും കരളിനെയും ഗുരുതരമായി ബാധിക്കും. ഇതിനുപുറമെ ഓർമക്കുറവ്, വിറയൽ, വിഷാദരോഗം, ചർമത്തിലെ കടുത്ത അലർജികൾ എന്നിവയ്ക്കും ഇത്തരം ക്രീമുകളുടെ ഉപയോഗം കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.