കളി തോറ്റു, പന്തയവും; ഇൻസ്റ്റഗ്രാമിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ ലോഗോ വെച്ച് നോർവീജിയൻ എയർ
ഓസ്ലോ: ലോകകപ്പ് ഫുട്ബോൾ ആവേശങ്ങൾക്കിടയിൽ ആരാധകർ മാത്രമല്ല, വൻകിട കമ്പനികളും പന്തയം വെക്കാറുണ്ട്. അത്തരത്തിലൊരു രസകരമായ പന്തയത്തിന്റെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ നോർവേ-ഇംഗ്ലണ്ട് മത്സരത്തെച്ചൊല്ലി പ്രമുഖ വിമാനക്കമ്പനികളായ ബ്രിട്ടീഷ് എയർവേയ്സും നോർവീജിയൻ എയറും തമ്മിലായിരുന്നു ഈ വേറിട്ട പന്തയം. മത്സരത്തിൽ നോർവേ പരാജയപ്പെട്ടതോടെ, സ്വന്തം ഇൻസ്റ്റഗ്രാം പേജിലെ ലോഗോ മാറ്റി ബ്രിട്ടീഷ് എയർവേയ്സിന്റെ ലോഗോ വെക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് നോർവീജിയൻ എയർ.
രണ്ട് രാജ്യങ്ങളും നേർക്കുനേർ വരുന്ന ക്വാർട്ടർ പോരാട്ടത്തിൽ ആര് തോൽക്കുന്നോ, അവർ തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ചിത്രം മാറ്റി എതിരാളികളുടെ ലോഗോ വെക്കണം എന്നതായിരുന്നു പന്തയം. ജൂലൈ എട്ടിന് നോർവീജിയൻ എയർ തന്നെയാണ് ഈ രസകരമായ വെല്ലുവിളിക്ക് തുടക്കമിട്ടത്. ‘ലോഗോ വെച്ചൊരു പന്തയത്തിന് തയാറുണ്ടോ?’ എന്ന നോർവീജിയൻ എയറിന്റെ ചോദ്യത്തിന്, ‘ഒരിക്കലും ജയിക്കാൻ കഴിയാത്ത പന്തയങ്ങൾ വെക്കരുത്’ എന്നായിരുന്നു ബ്രിട്ടീഷ് എയർവേയ്സിന്റെ ആദ്യ മറുപടി. എന്നാൽ ‘നിങ്ങൾക്ക് അത്രയും പേടിയാണോ?’ എന്ന് ചോദിച്ച് നോർവീജിയൻ എയർ വീണ്ടും പ്രകോപിപ്പിച്ചതോടെ ജൂലൈ 10-ന് ബ്രിട്ടീഷ് എയർവേയ്സ് ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ മയാമിയിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിൽ ഇംഗ്ലണ്ടിനോട് നോർവേ പരാജയപ്പെട്ടതോടെ പന്തയത്തിൽ നോർവീജിയൻ എയറും തോൽവി സമ്മതിച്ചു. പന്തയക്കരാർ പ്രകാരം ഇന്ന് ഒരു ദിവസം മുഴുവൻ അവരുടെ ഇൻസ്റ്റഗ്രാമിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ ലോഗോയായിരിക്കും ഉണ്ടാവുക. ‘ഇംഗ്ലണ്ടും ബ്രിട്ടീഷ് എയർവേയ്സും നന്നായി കളിച്ചു’ എന്ന് കുറിച്ചുകൊണ്ടാണ് അവർ തങ്ങളുടെ ലോഗോ മാറ്റിയത്.
വിമാനക്കമ്പനികൾ തമ്മിലുള്ള ഈ വേറിട്ട പന്തയം ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മറ്റ് പല വിമാനക്കമ്പനികളും ഇതിനോട് രസകരമായി പ്രതികരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളിലേക്കാണ് ഈ പോസ്റ്റുകൾ എത്തിയത്. ഇത്ര വലിയൊരു സ്വീകാര്യത തങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും, മത്സരത്തേക്കാളുപരി ആരോഗ്യകരമായ സൗഹൃദവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കിയതെന്നും നോർവീജിയൻ എയർ വക്താവ് വ്യക്തമാക്കി.