‘ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങള്‍ ജര്‍മനി കണ്ടില്ലേ?’; ചാന്‍സലറെ ചോദ്യംചെയ്ത് ഉര്‍ദുഗാന്‍
അങ്കാറ: ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ജര്‍മനി മൗനം പാലിക്കുന്നതിനെ ചോദ്യംചെയ്ത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അങ്കാറയില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക്ക് മെഴ്സുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഉര്‍ദുഗാന്‍ രൂക്ഷവിമര്‍ശനം നടത്തിയത്.
ഇസ്രയേലിനെ പിന്തുണയ്ക്കുമെന്നും ഹമാസ് കുട്ടികളെ ബന്ദികളാക്കിയിരിക്കുകയാണെന്നും വാദിച്ച മെഴ്‌സിനോട് തുര്‍ക്കി പ്രസിഡന്റ് തുറന്നടിക്കുകയായിരുന്നു.
ഹമാസിന്റെ കൈവശം ബോംബുകളോ ആണവായുധങ്ങളോ ഇല്ലെന്നും എന്നാല്‍ ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ ഗസ്സയില്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇസ്രയേല്‍ കഴിഞ്ഞ ദിവസം പോലും ഗസ്സയെ ആക്രമിച്ചു. ജര്‍മനിയില്‍ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ?’-ഉര്‍ദുഗാന്‍ ചോദിച്ചു.
ഗസ്സയിലെ വംശഹത്യക്കും ക്ഷാമത്തിനും അറുതിവരുത്താന്‍ തുര്‍ക്കിയും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് മാനുഷികമായ കടമയുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. ഇസ്രയേലിന്റെ നടപടികളെ ‘വംശഹത്യ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഗസ്സയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത സമാധാനം ഉണ്ടാകാന്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യമെന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.