പടിഞ്ഞാറന്‍ ഉപരോധങ്ങളെ തകര്‍ക്കാന്‍ കൈക്കോര്‍ത്ത് ഇറാനും റഷ്യയും; ആഗോള വ്യാപാരത്തില്‍ വഴിത്തിരിവാകാന്‍ പോകുന്ന പദ്ധതി ഉടന്‍
തെഹ്‍റാന്‍/മോസ്കോ: അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാന്‍ ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതിക്കായി കൈക്കോര്‍ത്ത് ഇറാനും റഷ്യയും. ‘റഷ്ത്-അസ്താര’ എന്ന പേരില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് പുതിയ റെയില്‍വേപാത നിര്‍മിക്കുകയാണ്. 162 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത, ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോറില്‍ നിര്‍ണായകമായിരിക്കും. 7,200 കിലോമീറ്റര്‍ ശൃംഖലയായ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ ആഗോളവ്യാപാരത്തിന്റെ ഗതി മാറുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
റഷ്ത്-അസ്താര പാതയുടെ നിര്‍മാണത്തിനായി ഇരുരാജ്യങ്ങളും അടുത്ത മാസം സുപ്രധാന കരാറില്‍ ഒപ്പുവെക്കാനൊരുങ്ങുകയാണ്. ഏകദേശം 1.6 ബില്യണ്‍ യൂറോ ചെലവ് വരുന്ന പദ്ധതിക്ക് പ്രധാനമായും ധനസഹായം നല്‍കുന്നത് റഷ്യയാണ്. റഷ്യന്‍ എഞ്ചിനീയര്‍മാരാണ് ഇതിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
ഈ റെയില്‍പാത യാഥാര്‍ഥ്യമാകുന്നതോടെ ചരക്ക് നീക്കത്തിന്റെ ചെലവ് 30% വരെ കുറയ്ക്കാനും ഷിപ്പിങ് സമയം 37 ദിവസത്തില്‍നിന്ന് 19 ദിവസമായി ചുരുക്കാനും സാധിക്കും.
ഇത് പരമ്പരാഗത സൂയസ് കനാല്‍ റൂട്ടിന്റെ ഏകദേശം പകുതി സമയമാണ്. ഇന്ത്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ക്ക് ഈ പുതിയ ഗതാഗത ശൃംഖല വലിയ വ്യാപാര നേട്ടങ്ങള്‍ നല്‍കും. റഷ്യ, അസര്‍ബൈജാന്‍, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഗതാഗത, വിവര റൂട്ടുകള്‍ സംയോജിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സ്വാധീനത്തെ ദുര്‍ബലപ്പെടുത്തുകയും ലോകം ഇനി ഏകധ്രുവമല്ല എന്ന ശക്തമായ സന്ദേശം നല്‍കുകയും ചെയ്യും.