‘ഇതാണ് ഈ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ, ഞാൻ മരിക്കേണ്ടവളാണെന്നാണ് അവർ പറയുന്നത്, എന്നാലും പോരാടും’; സൈബർ ആക്രമണങ്ങൾക്കെതിരെ പരാതി നൽകി പോലീസ് വാൻ തടഞ്ഞ റിയ അഹിർ
മുംബൈ: മുംബൈയിലെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞുനിർത്തി വാർത്തകളിൽ ഇടംനേടിയ ഇരുപത്തിയേഴുകാരിയായ റിയ യാദവ് എന്ന റിയ അഹിർ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി. ജൂലൈ 22 ന് കനത്ത മഴയത്ത് നടന്ന സി.ജെ.പി പ്രതിഷേധത്തിൽ അറസ്റ്റിലായ വിദ്യാർത്ഥികളുമായി പോയ പോലീസ് വാനിന് മുന്നിൽ ഗ്രേ നിറത്തിലുള്ള ഹൂഡി ധരിച്ച് ധീരമായി നിലയുറപ്പിച്ച റിയയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരുന്നു.
വാനിലുണ്ടായിരുന്ന വിദ്യാർത്ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റിയ വാഹനം തടഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ റിയയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങളാണ് ഉണ്ടായത്. തനിക്കെതിരെ നടക്കുന്ന ഭീഷണികൾക്കും വ്യാജപ്രചാരണങ്ങൾക്കുമെതിരെ മുംബൈയിലെ എം.ഐ.ഡി.സി പോലീസ് സ്റ്റേഷനിലെത്തിയാണ് അവർ പരാതി നൽകിയത്. മുൻപ് സൈബർ പോലീസിന്റെ പോർട്ടൽ വഴി ഓൺലൈനായി പരാതി നൽകിയിരുന്നെങ്കിലും, തിങ്കളാഴ്ച നേരിട്ട് സ്റ്റേഷനിലെത്തി ദിവസം മുഴുവൻ അവിടെ ചിലവഴിച്ചാണ് അവർ ഔദ്യോഗികമായി പരാതി രജിസ്റ്റർ ചെയ്തത്.
തനിക്കെതിരെ ആസൂത്രിതമായ രീതിയിൽ ഓൺലൈൻ ആക്രമണം നടക്കുന്നുണ്ടെന്നും, ഡീപ്പ് ഫേക്ക് വീഡിയോകൾ, അസഭ്യ വാക്കുകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, സ്ത്രീവിരുദ്ധമായ അധിക്ഷേപങ്ങൾ, ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ, ക്രിമിനൽ ഭീഷണികൾ എന്നിവയിലൂടെ തന്നെ വ്യക്തിപരമായി ലക്ഷ്യം വെക്കുകയാണെന്നും റിയ പരാതിയിൽ ആരോപിക്കുന്നു. തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, ഇതിന് പിന്നിലുള്ള അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ടുകളും യു.ആർ.എൽ ( ലിങ്കുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അവർ പോലീസിന് കൈമാറിയിട്ടുണ്ട്.
വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് റിയ പറഞ്ഞത് ഇങ്ങനെയാണ്, “എനിക്കെതിരെ ഉയരുന്ന ഭീഷണികൾക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി; ഇതാണ് ഈ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ ഞാൻ മരിക്കേണ്ടവളാണെന്നാണ് അവർ പറയുന്നത്, അവർക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് എനിക്കറിയില്ല, എന്നാലും അവർക്കെതിരെയുള്ള എന്റെ പോരാട്ടം തുടരും”. ഓൺലൈനിലൂടെ തനിക്കെതിരെ വിദ്വേഷം പടർത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും, നിരന്തരം ശല്യം ചെയ്യപ്പെടുന്ന തന്റെ അവസ്ഥ കാരണം കുടുംബത്തെ ഈ പ്രശ്നങ്ങൾ ബാധിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും റിയ വ്യക്തമാക്കി.
ഒരു സൈനികന്റെ മകളും മോഡലുമായ റിയ, പോലീസ് വാനിലുണ്ടായിരുന്ന ഒരു സ്ത്രീയെ പുറത്തിറങ്ങാൻ സഹായിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞപ്പോഴാണ് വാനിന് മുന്നിൽ കയറി നിന്നതെന്നും പ്രതിഷേധക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. റിയയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.