04/09/2026
[fontresizer_tawhidurrahmandear_widget]

‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി’; എൽ.പി സ്കൂൾ ക്വിസ് മത്സരത്തിൽ ഉത്തരമായി വി.ഡി സവർക്കർ; വൻ വിവാദം

 ‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി’; എൽ.പി സ്കൂൾ ക്വിസ് മത്സരത്തിൽ ഉത്തരമായി വി.ഡി സവർക്കർ; വൻ വിവാദം

കാസർകോട്: കാസർകോട് എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ സ്വാതന്ത്ര്യദിന ക്വിസ് ചോദ്യാവലിയിൽ ഉത്തരമായി വി.ഡി. സവർക്കർ ഇടംപിടിച്ചത് വലിയ വിവാദമാകുന്നു. സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ, ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആര് എന്ന ചോദ്യത്തിന് ഉത്തരമായാണ് വി.ഡി. സവർക്കറുടെ പേര് നൽകിയിരിക്കുന്നത്.

മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ വിദ്യാർഥികൾക്കായി തയ്യാറാക്കിയ ചോദ്യാവലിയിലെ ‘ടൈ ബ്രേക്കർ’ ചോദ്യങ്ങളിലൊന്നായാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ഈ ചോദ്യമെന്ന് ആരോപിച്ച് എം.എസ്.എഫ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

വിവാദം കടുത്തതോടെ കാസർകോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ (ഡി.ഡി.ഇ) വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി. കാസർകോട്, കുമ്പള, മഞ്ചേശ്വരം എ.ഇ.ഒമാരോട് അദ്ദേഹം അടിയന്തരമായി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ഈ ചോദ്യവും ഉത്തരവും ചോദ്യാവലിയിൽ എങ്ങനെ കടന്നുകൂടി എന്നത് സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകരാണ് ഈ ചോദ്യാവലി തയ്യാറാക്കിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിശദീകരണം.

അതേസമയം, ചരിത്രത്തെ കാവിവത്കരിക്കാനും പൊതുവിദ്യാഭ്യാസ രംഗത്ത് വർഗീയ അജണ്ടകൾ നടപ്പിലാക്കാനുമുള്ള സംഘപരിവാർ നീക്കങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി മഞ്ചേശ്വരം എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ എ.കെ.എം. അഷ്റഫ് രംഗത്തെത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പപേക്ഷകൾ നൽകുകയും പെൻഷൻ കൈപ്പറ്റി ജയിൽ മോചിതനാവുകയും ചെയ്ത ഒരാളെ, ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വിപ്ലവകാരിയായി കൊച്ചുകുട്ടികളുടെ മനസ്സിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വ്യക്തമായ ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച മഹാരഥന്മാരോടും സ്വാതന്ത്ര്യസമര ചരിത്രത്തോടുമുള്ള കടുത്ത അപമാനമാണിത്. പൊതുവിദ്യാഭ്യാസ വകുപ്പിനെയും സംസ്ഥാന സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനും അപമാനിക്കാനും വേണ്ടി മനപ്പൂർവ്വം തയ്യാറാക്കിയതാണോ ഈ വിവാദ ചോദ്യാവലി എന്ന് ശക്തമായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ചോദ്യാവലി തയ്യാറാക്കിയവർക്കും അതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കും എതിരെ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് കർശന അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.

Also read: