‘ഇന്ത്യൻ പൗരന്മാരെ നിരീക്ഷിക്കാൻ കേന്ദ്രം അമേരിക്കൻ കമ്പനികളുടെ സഹായം തേടുന്നുണ്ടോ? ഡൽഹി സമ്മിറ്റിൽ വ്യക്തിവിവരങ്ങൾ ചോർന്നു’; ആരോപണങ്ങളുമായി അഭിജീത് ദീപ്കെ
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സൈബർ സുരക്ഷാ ഉച്ചകോടിയിൽ തന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ പൊതുവേദിയിൽ പ്രദർശിപ്പിച്ചതായി കോക്ക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ ആരോപിച്ചു. ഓഗസ്റ്റ് 6, 7 തീയതികളിലായി ഡൽഹി ഭാരത് മണ്ഡപം കൺവെൻഷൻ സെൻ്ററിൽ നടന്ന ‘ഫ്യൂച്ചർ ക്രൈം സമ്മിറ്റ് 2026’ വേദിയിലാണ് ഈ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ എ.ഐ സ്റ്റാർട്ടപ്പായ ‘റീസെക്യൂരിറ്റി’ അവരുടെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം പ്രദർശിപ്പിക്കുന്നതിനിടയിലാണ് ദീപ്കെയുടെ വിവരങ്ങൾ വലിയ സ്ക്രീനിൽ കാണിച്ചത്. ഉച്ചകോടിയിൽ പങ്കെടുത്ത മറ്റൊരാൾ വഴിയാണ് താൻ ഈ വിവരം അറിഞ്ഞതെന്ന് അദ്ദേഹം എക്സിലൂടെ പറഞ്ഞു.
നിരവധി പ്രമുഖ സർക്കാർ ഉദ്യോഗസ്ഥരും സുരക്ഷാ വിദഗ്ധരും പങ്കെടുത്ത ഒരു ഔദ്യോഗിക പരിപാടിയിൽ ഇത്തരം വ്യക്തിവിവരങ്ങൾ പരസ്യമാക്കാൻ എങ്ങനെ അനുവദിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. ഇതിന് പുറമെ, ഇന്ത്യൻ പൗരന്മാരെ നിരീക്ഷിക്കാനും അവരുടെ വിവരങ്ങൾ ചോർത്താനും കേന്ദ്ര സർക്കാർ അമേരിക്കൻ കമ്പനികളെ ആശ്രയിക്കുന്നുണ്ടോയെന്ന ഗുരുതരമായ സംശയവും ദീപ്കെ ഉന്നയിച്ചിട്ടുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഫോറൻസിക്, തട്ടിപ്പ് തടയൽ, ദേശീയ സുരക്ഷ എന്നീ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫ്യൂച്ചർ ക്രൈം റിസർച്ച് ഫൗണ്ടേഷനാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്. അതേസമയം, അഭിജീത് ദീപ്കെയുടെ ആരോപണങ്ങളോട് ഉച്ചകോടിയുടെ സംഘാടകരോ ബന്ധപ്പെട്ട അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.