കാവഡ് തീർത്ഥാടകരെ അധിക്ഷേപിച്ചെന്ന ഹിന്ദുത്വ സംഘടനയുടെ പരാതി; മുസ്‌ലിം പുരോഹിതനെതിരെ കേസെടുത്ത് യു.പി പോലീസ്
മുസാഫർനഗർ: കാവഡ് തീർത്ഥാടകർക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന ഹിന്ദു സംഘടനയുടെ പരാതിയിൽ ഉത്തർപ്രദേശിൽ മുസ്‌ലിം പുരോഹിതനെതിരെ പോലീസ് കേസെടുത്തു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദിക്കെതിരെയാണ് മുസാഫർനഗർ ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹിന്ദു സംഘർഷ് സമിതി നേതാവ് നരേന്ദ്ര പൻവാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പോലീസ് നടപടിയെടുത്തത്.
ഒരു പ്രത്യേക സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ കാവഡ് യാത്രികരെക്കുറിച്ച് മോശവും അധിക്ഷേപകരവുമായ പരാമർശങ്ങൾ മൗലാന സാജിദ് റാഷിദി നടത്തിയെന്നാണ് പ്രധാന ആരോപണം. പുരോഹിതന്റെ നടപടിയിൽ പ്രതിഷേധിച്ച് നരേന്ദ്ര പൻവാറിന്റെ നേതൃത്വത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകർ വെള്ളിയാഴ്ച വലിയ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കാവഡ് യാത്രികരെ അപമാനിക്കുന്നതിലൂടെ ഹിന്ദു മതവിശ്വാസികളെ ഒന്നടങ്കം അപമാനിക്കുകയാണ് റാഷിദി ചെയ്തതെന്ന് പരാതിക്കാർ ആരോപിച്ചു. ഇയാൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ മൗലാന സാജിദ് റാഷിദിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മന്ത്രി കപിൽ ദേവ് അഗർവാളും രംഗത്തെത്തി. ഇത്തരം അധിക്ഷേപ പ്രസ്താവനകൾ സമൂഹത്തിലെ സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു. റാഷിദിയുടെ മാനസിക നില തെറ്റിയെന്നും അദ്ദേഹത്തെ ആഗ്രയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും മന്ത്രി പരിഹസിച്ചു. വിവാദ പരാമർശവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.