‘ആർഎസ്എസിൻ്റെ വരുമാനം ക്ഷേത്രങ്ങളിലെ പണം, ദൈവവിശ്വാസം മറയാക്കി കോടികൾ സമ്പാദിക്കുന്നു’; രൂക്ഷവിമർശനവുമായി ഇ.പി ജയരാജൻ
മലപ്പുറം: മലപ്പുറം തിരൂരിൽ നടന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ.
ആർഎസ്എസിന്റെ പ്രധാന വരുമാന മാർഗ്ഗം ക്ഷേത്രങ്ങളിലെ പണമാണെന്നും, ദൈവവിശ്വാസത്തെ മറയാക്കി അവർ കോടികളാണ് സമ്പാദിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസിന് സ്വാധീനമുള്ള ക്ഷേത്രങ്ങളിലെല്ലാം വലിയ തോതിൽ കവർച്ചയാണ് നടക്കുന്നതെന്നും ക്ഷേത്രങ്ങളിന്മേലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് അവർ ചൂഷണം ചെയ്യുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിൽ 599 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച വൈകുന്നേരം പതിനായിരത്തോളം പ്രവാസികൾ അണിനിരക്കുന്ന കൂറ്റൻ പ്രകടനത്തോടെ സമ്മേളനത്തിന് സമാപനമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എ. വിജയരാഘവൻ, കെ.വി അബ്ദുൾ ഖാദർ, വി.പി അനിൽ, ഗഫൂർ പി. ലില്ലീസ് തുടങ്ങിയ നേതാക്കളും സമാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും.