25 സ്ത്രീകളെ വിവാഹം കഴിച്ച് കോടികൾ തട്ടി; ബി.ജെ.പി എം.എൽ.എയുടെ മകളെയും കെണിയിലാക്കി; പ്രതിയും അച്ഛനും അറസ്റ്റിൽ
സീതാപൂർ: വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25-ഓളം സ്ത്രീകളെ വിവാഹം കഴിച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതിയും പിതാവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ സെവത മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ജ്ഞാൻ തിവാരിയുടെ മകളെ ഇതേ രീതിയിൽ വഞ്ചിച്ചതിന് പിന്നാലെയാണ് സംഘത്തിന്റെ ഞെട്ടിക്കുന്ന തട്ടിപ്പ് കഥകൾ പുറത്തുവന്നത്. സംഭവത്തിൽ എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതിയായ പ്രഖർ ത്രിവേദി, ഇയാളുടെ പിതാവ് അനുജ് ത്രിവേദി എന്നിവരെ രേവൂസ പോലീസ് അറസ്റ്റ് ചെയ്തു.
2024-ലാണ് എം.എൽ.എയുടെ മകളും പ്രഖർ ത്രിവേദിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. മുംബൈയിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ വിവാഹാലോചനയുമായി എം.എൽ.എയെ സമീപിച്ചത്. തങ്ങളുടെ ക്രിമിനൽ പശ്ചാത്തലവും മുൻകാല കേസുകളും പൂർണ്ണമായും മറച്ചുവെച്ചായിരുന്നു ഈ വഞ്ചന. എന്നാൽ വിവാഹം കഴിച്ച് രണ്ടര വർഷത്തോളം പിന്നിട്ടപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും പ്രതിയുടെ യഥാർത്ഥ മുഖം പുറത്തറിയുന്നത്. മഹാരാഷ്ട്ര ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വ്യാജ ഐഡികൾ ഉപയോഗിച്ച് ഇവർ 25-ഓളം സ്ത്രീകളെ വഞ്ചിക്കുകയും കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് എം.എൽ.എയുടെ കുടുംബം ആരോപിക്കുന്നു.
സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് മകൾക്കൊപ്പം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചാണ് എം.എൽ.എ വിവരങ്ങൾ പുറത്തുവിട്ടത്. തങ്ങളുടെ കുടുംബം ക്രൂരമായി വഞ്ചിക്കപ്പെട്ടുവെന്നും പ്രതികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളുമായുള്ള എല്ലാ വ്യക്തിപരവും സാമൂഹികവുമായ ബന്ധങ്ങളും പൂർണ്ണമായി വിച്ഛേദിച്ചതായും മകളെ സുരക്ഷിതമായി സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതായും അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പ് കുടുംബത്തിന് വലിയ മാനസികാഘാതമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി എം.എൽ.എ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.