10/08/2026
[fontresizer_tawhidurrahmandear_widget]

‘വാഹന പരിശോധന തുടരും, പിഴ ഈടാക്കില്ല’; ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ച് മോട്ടോർ വാഹന വകുപ്പിൽ പണിമുടക്ക്

 ‘വാഹന പരിശോധന തുടരും, പിഴ ഈടാക്കില്ല’; ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ച് മോട്ടോർ വാഹന വകുപ്പിൽ പണിമുടക്ക്

തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴയിട്ട സംഭവത്തിൽ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥർ പണിമുടക്കിലേക്ക്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വാഹന പരിശോധന തുടരുമെങ്കിലും പിഴ ഈടാക്കാതെ യാത്രക്കാരെ ഉപദേശിച്ച് വിടാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതോടെ, സർക്കാരും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിൽ അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകൾക്ക് മോട്ടോർ വാഹന വകുപ്പ് 5000 രൂപ പിഴ ചുമത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗതമന്ത്രി സി.പി. ജോൺ ഇടപെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എന്നാൽ തങ്ങളുടെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ലെന്നാണ് ഉദ്യോഗസ്ഥർ വാദിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് വകുപ്പിന്റെ സർക്കുലർ ഇറങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം (ഓഗസ്റ്റ് 5) അടൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിഴ ഈടാക്കിയത്.

അടൂർ ഒരു പ്രളയബാധിത പ്രദേശമല്ലെന്നും, വാഹനം തടഞ്ഞ സമയത്ത് അതൊരു രക്ഷാപ്രവർത്തന വാഹനമാണെന്ന് ഉടമകൾ അറിയിച്ചിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തങ്ങൾക്കെതിരെ സർക്കാർ സ്വീകരിച്ചിരിക്കുന്നത് തികച്ചും നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്.

അതേസമയം, ഉദ്യോഗസ്ഥർക്കെതിരെ ഇനിയും കർശന നടപടികളുണ്ടാകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ കോഴിക്കോട്ട് പ്രതികരിച്ചു. രക്ഷാപ്രവർത്തന വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥർ തങ്ങളുടെ അമിതാധികാരമാണ് പ്രയോഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വാഹനം രക്ഷാപ്രവർത്തനത്തിന് പോകുന്നതാണെന്ന് ബോധ്യപ്പെട്ടാൽ അതിനെ വെറുതെവിടാൻ ഉദ്യോഗസ്ഥർ തയ്യാറാകണമായിരുന്നു. സസ്പെൻഷൻ എന്നത് നടപടികളുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: