‘90,000 രൂപ വേണം, സഹായിക്കണം’; പൈസയ്ക്കായി കെഞ്ചുന്ന റോബിന്റെ വീഡിയോ പുറത്തുവിട്ട് വേദ് ലക്ഷ്മി
കൊച്ചി: ബി.ജെ.പി നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. റോബിൻ പറഞ്ഞതെല്ലാം കള്ളമാണെന്നും അത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വേദ് ലക്ഷ്മി വ്യക്തമാക്കി. റോബിൻ എവിടെയാണോ അവസാനിപ്പിക്കുന്നത്, അവിടെനിന്നാണ് താൻ തുടങ്ങുന്നതെന്നും അദ്ദേഹത്തിന്റെ ഓരോ കള്ളങ്ങളും തെളിവുസഹിതം പുറത്തുകൊണ്ടുവരുമെന്നും അവർ മുന്നറിയിപ്പ് നൽകി. റോബിനുമായി തനിക്കുള്ള പരിചയത്തിന്റെ തുടക്കത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വിവരങ്ങൾ തെറ്റാണെന്നും വേദ് ലക്ഷ്മി ചൂണ്ടിക്കാട്ടി.
2019-ൽ ബിഗ് ബോസ് ഷോയിൽ വരുന്നതിന് മുൻപാണ് റോബിനുമായി ആദ്യമായി സംസാരിക്കുന്നതെന്ന് വേദ് ലക്ഷ്മി വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും അയച്ച പഴയ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തെളിവായി അവർ വീഡിയോയിൽ പങ്കുവെച്ചു. സ്വന്തം ഇമേജ് സംരക്ഷിക്കാൻ വേണ്ടിയാണ് റോബിൻ പ്രസ് മീറ്റ് നടത്തിയതെന്നും, മാസങ്ങൾക്ക് മുൻപേ തന്നെ താൻ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോയതാണെന്നും വേദ് ലക്ഷ്മി വീഡിയോക്കൊപ്പം കുറിച്ചു.
“2019-ൽ ബിഗ് ബോസിൽ വരുന്നതിനു മുൻപാണ് നമ്മൾ തമ്മിൽ ആദ്യത്തെ സംസാരമുണ്ടായത്. അതിനുശേഷം ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിന്റെ സ്ക്രീൻഷോട്ടും ഞാൻ അയച്ചിട്ടുണ്ട് അതിൽ തന്നെ പറഞ്ഞിട്ടുണ്ട് വാട്സാപ്പിൽ മെസ്സേജ് അയച്ച കാര്യം. അതായിരുന്നു നമ്മുടെ ആദ്യത്തെ സംസാരം. നിങ്ങൾക്ക് ഓർമയുണ്ടാകില്ല. ഇക്കാര്യം ശരിക്കും എനിക്ക് ഓർമയുണ്ടായിരുന്നില്ല, നേരിട്ട് കണ്ടപ്പോൾ ഇക്കാര്യം എന്നെ ഓർമിപ്പിച്ചത് റോബിനാണ്. അഞ്ചു വർഷങ്ങൾ കഴിഞ്ഞില്ലേ. പുള്ളിക്ക് പക്ഷേ ഓർമയുണ്ടായിരുന്നു. സ്വന്തം താത്പര്യമനുസരിച്ച് കള്ളങ്ങൾ പറയുമ്പോൾ അത് ഞാൻ പൊളിക്കുന്നത് നോക്കി ഇരുന്നോളൂ.
സത്യം പുറത്തുവരണമെന്നുള്ളതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്. സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുമ്പോൾ, അതിനെ അപകീർത്തിപ്പെടുത്താനും കൃത്രിമം കാണിക്കാനും ശ്രദ്ധതിരിക്കാനും നിശ്ശബ്ദമാക്കാനും എപ്പോഴും ശ്രമങ്ങളുണ്ടാകും. എന്നാൽ എത്രയൊക്കെ വ്യാജ പ്രചാരണങ്ങൾ നടത്തിയാലും ആസൂത്രിതമായ മാനിപ്പുലേഷനുകൾ നടത്തിയാലും സത്യത്തെ മാറ്റാനാവില്ല. റോബിൻ്റെ വാർത്താ സമ്മേളനം എല്ലാവരും കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. കാണാത്തവർ ഇപ്പോൾ തന്നെ പോയി കാണുക, അല്ലെങ്കിൽ നിങ്ങൾക്ക് ഇതൊന്നും മനസിലാകില്ല. ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു, റോബിൻ എവിടെ നിർത്തുന്നോ അവിടെനിന്ന് ഞാൻ തുടങ്ങും എന്ന്. ഇന്നലത്തെ പ്രസ് മീറ്റ് നടത്തണമെന്നുള്ളതും അതിൽ പറയുന്നത് നിങ്ങൾ എല്ലാവരും കേൾക്കണമെന്നുള്ളതും എൻ്റെ ആവശ്യം ആയിരുന്നു.
ഇമേജ് രക്ഷിക്കാൻ റോബിൻ ഏതറ്റംവരെ പോകുന്നു എന്നത് നിങ്ങൾ എല്ലാവരും മനസ്സിലാക്കണം. റോബിൻ ഇന്നലെ നടത്തിയ പ്രസ് മീറ്റിൽ എന്റെ പേര്, പിന്നെ റോബിൻ തന്നെ സൈബർ ക്വട്ടേഷൻ കൊടുത്ത് വിളിച്ചുകൊണ്ടുവന്ന ഡോക്ടർ ഡ്രെയ്ക്ക് എന്നുപറയുന്ന അനന്തു സുജിത്തിന്റെ പേര്, ഇത് കൂടാതെ അബിൽ ദേവ് എന്ന മൂന്നാമതൊരു വ്യക്തിയുടെ പേരും പറയുന്നുണ്ട്. ഇത്രയും വളർന്ന പടർന്നു പന്തലിച്ച, ആജാനുബാഹുവായ വിദ്യാഭ്യാസമുള്ള, ലോകപരിചയമുള്ള ഡോക്ടർ റോബിനെ ഒരു പാവയെപ്പോലെ കളിപ്പിച്ചുകൊണ്ടിരുന്ന അബിൽ ദേവിനെ 2025 ഡിസംബർ 15 മുതൽ റോബിൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പറയുന്നത്. ഞാൻ കഴിഞ്ഞ രണ്ടു മാസമായിട്ടുള്ള ഇവരുടെ ചാറ്റ് ആണ് ഇന്നിവിടെ കാണിക്കുന്നത്. ഇത് കണ്ടിട്ട് റോബിൻ തട്ടിപ്പ് നടത്തുന്നതിന്റെ മോഡ് ഓഫ് ഓപ്പറേഷൻ എങ്ങനെയെന്ന് നിങ്ങൾ തന്നെ വിലയിരുത്തൂ,” വേദ് ലക്ഷ്മി പറഞ്ഞു.
തുടർന്നാണ് അബിൽ ദേവും റോബിനുമായുള്ള ശബ്ദരേഖയും ചാറ്റും വേദ് ലക്ഷ്മി പുറത്തുവിട്ടത്. “നമസ്കാരം ഞാൻ റോബിൻ രാധാകൃഷ്ണൻ. എനിക്ക് കുറച്ചു പണം വേണമായിരുന്നു, ഒരു 90000 രൂപ. അബിൽ ബ്രോ എനിക്കത് തരുമെന്ന് എനിക്കറിയാം, കാരണം വളരെ നല്ല തങ്കപ്പെട്ട മനുഷ്യനാണ് അബിൽ ബ്രോ. അതുകൊണ്ട് ദൈവത്തെ ഓർത്ത് കനിയണം. ഒരു എമർജൻസി സിറ്റുവേഷനാണ്, ഒന്ന് ഹെൽപ്പ് ചെയ്യണം. 27-ാം തീയതി രാത്രി പത്തുമണിക്കകം ഞാനത് തിരിച്ചയച്ചേക്കാം. എനിക്കൊരു 90000 രൂപ, ഒന്ന് ഹെൽപ്പ് ചെയ്യണം പ്ലീസ്, ഇതൊരു റിക്വസ്റ്റ് ആണ്. പിന്നെ സീസൺ ഏയ്റ്റിന് ആശംസകൾ. നീ ഒരു വിന്നർ ആയി വരട്ടെ, ഈ സഹോദരന്റെ ആശംസകൾ,” എന്നാണ് റോബിൻ സന്ദേശത്തിൽ പറയുന്നത്.
നീ എന്തൊക്കെയാണ് അയയ്ക്കുന്നത് എന്നാണ് അബിൽ ഇതിന് മറുപടി നൽകിയിരിക്കുന്നത്. നിങ്ങളേ ഉള്ളൂ തന്നെ സഹായിക്കാനെന്നാണ് റോബിൻ വീണ്ടും മറുപടി നൽകിയത്. പറ്റുന്നത് എല്ലാം ഞാൻ നിനക്ക് ചെയ്തു തന്നു, ഇപ്പോൾ പൈസ ഇല്ലെന്നാണ് അബിൽ മറുപടി നൽകിയത്. “തരുന്നത് ഇന്ന് രാത്രി തിരിച്ചു തന്നില്ലെങ്കിൽ എന്റെ അച്ഛൻ എസ്. രാധാകൃഷ്ണൻ അല്ല” എന്നും റോബിൻ സന്ദേശത്തിൽ പറയുന്നുണ്ട്. തുടർന്നും റോബിൻ പണം ചോദിക്കുകയും അബിൽ പണമില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു.