പ്രതിശ്രുത വധുവും വരനും ജീവനൊടുക്കിയതെന്തിന്? അനുശ്രീ മരിച്ചത് അമലിനെ വീഡിയോ കോൾ വിളിച്ച ശേഷം
കൊച്ചി: കർണാടകയിലെ ഹുൻസൂരിൽ മലയാളി യുവതിയും പിന്നാലെ കൊച്ചിയിൽ അവരുടെ പ്രതിശ്രുത വരനും ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കാസർഗോഡ് കാട്ടാമ്പള്ളി സ്വദേശിനിയായ അനുശ്രീ (25), കണ്ണൂർ ഇരുട്ടി സ്വദേശിയായ അമൽ (27) എന്നിവരാണ് ദാരുണമായി ജീവനൊടുക്കിയത്. ഇരുവരുടെയും വിവാഹം ഡിസംബർ 26-ന് നടത്താൻ നിശ്ചയിച്ചിരുന്നതാണ്.
എസ്ബിഐ ഉദ്യോഗസ്ഥരായ ഇരുവരും ഏറെ നാളായി അടുത്ത സുഹൃത്തുക്കളായിരുന്നു. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ രണ്ട് മാസം മുൻപാണ് ഇവരുടെ വിവാഹനിശ്ചയം നടത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ദാരുണമായ സംഭവം നടന്നത്.
കർണാടകയിലെ ഹുൻസൂരിൽ എസ്‌ബിഐയിൽ ജോലി ചെയ്തിരുന്ന അനുശ്രീ അവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി അനുശ്രീ അമലിനെ വീഡിയോ കോൾ വിളിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. ഈ സമയത്ത് എറണാകുളത്ത് സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന അമൽ, വീഡിയോ കോളിന് പിന്നാലെ അവിടെനിന്ന് മാറുകയായിരുന്നു. തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത അമലും ജീവനൊടുക്കുകയായിരുന്നു.
അനുശ്രീയുടെ സംസ്കാരം ഇന്നലെ കഴിഞ്ഞു. അമലിന്റെ പോസ്റ്റ്മോർട്ടം ഇന്ന് എറണാകുളത്ത് നടക്കും. ബന്ധുക്കൾ നിലവിൽ എറണാകുളത്തുണ്ട്.
ഇരുവരും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ യാതൊരു സൂചനയുമില്ല. അതിനാൽ വലിയ ഞെട്ടലിലാണ് ഇരു കുടുംബങ്ങളും. അനുശ്രീയുടെ ഫോൺ കർണാടക ഹുൻസൂർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലെ ചാറ്റുകൾ വീണ്ടെടുത്ത് പരിശോധിക്കുന്നതിലൂടെ ഇരുവരും തമ്മിൽ എന്തെങ്കിലും തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നുവോ എന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.