02/06/2026
[fontresizer_tawhidurrahmandear_widget]

തെലങ്കാനയില്‍ ടിപ്പര്‍ ലോറി ബസിലേക്ക് പാഞ്ഞുകയറി വന്‍ ദുരന്തം; 20 മരണം

 തെലങ്കാനയില്‍ ടിപ്പര്‍ ലോറി ബസിലേക്ക് പാഞ്ഞുകയറി വന്‍ ദുരന്തം; 20 മരണം

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഹൈദരാബാദ്-ബിജാപ്പൂര്‍ ദേശീയപാതയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തില്‍ 20 പേര്‍ മരിച്ചു. മെറ്റല്‍ കയറ്റിവന്ന ടിപ്പര്‍ ലോറി ബസിലേക്ക് പാഞ്ഞുകയറിയാണു വന്‍ ദുരന്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ ഇന്നു രാവിലെയാണ് വന്‍ അപകടം നടന്നത്.

വികാരാബാദ് ജില്ലയിലെ തണ്ടൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസിലേക്കാണ് ലോറി ഇടിച്ചുകയറിയത്. റോഡ് നിര്‍മാണത്തിനുള്ള മെറ്റല്‍ കയറ്റി വരികയായിരുന്നു ലോറി. ഏകദേശം 70 യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൂട്ടിയിടിയുടെ ആഘാതത്തില്‍ ടിപ്പറിലുണ്ടായിരുന്ന ചരല്‍ മുഴുവന്‍ ബസിനകത്തേക്ക് തെറിച്ചുവീഴുകയും നിരവധി യാത്രക്കാര്‍ അതിനടിയില്‍ കുടുങ്ങിപ്പോകുകയും ചെയ്തു. പലരും മെറ്റലിനടിയില്‍ കുടുങ്ങി ശ്വാസംമുട്ടിയാണു മരിച്ചത്. മരിച്ചവരില്‍ 10 മാസം പ്രായമുള്ള ഒരു കുഞ്ഞും 10 സ്ത്രീകളും ഉള്‍പ്പെടും. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരും മരിച്ചിട്ടുണ്ട്.

ഡ്രൈവറുടെ ഭാഗത്തും അദ്ദേഹത്തിന് പിന്നിലുള്ള ആറ് നിര സീറ്റുകളിലുമുള്ള യാത്രക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റതും മരണം സംഭവിച്ചതും. ഇവരില്‍ മിക്കവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പരിക്കേറ്റ നിരവധി പേരെ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ബസ് പൊളിച്ചാണ് പൊലീസും രക്ഷാപ്രവര്‍ത്തകരും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അപകടത്തില്‍ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ഉടന്‍ തന്നെ സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

Also read: