04/09/2026
[fontresizer_tawhidurrahmandear_widget]

‘സോണിയാ ഗാന്ധി ആക്ഷൻ കാണിച്ചത് കസേര കൊണ്ട് വരാൻ; വന്ദേമാതരം ആരും തടഞ്ഞിട്ടില്ല,മുഴുവൻ പാടിയതിൽ വിവാദം ആവശ്യമില്ല’; ജയറാം രമേശ്

 ‘സോണിയാ ഗാന്ധി ആക്ഷൻ കാണിച്ചത് കസേര കൊണ്ട് വരാൻ; വന്ദേമാതരം ആരും തടഞ്ഞിട്ടില്ല,മുഴുവൻ പാടിയതിൽ വിവാദം ആവശ്യമില്ല’; ജയറാം രമേശ്

ന്യൂഡൽഹി: ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ‘വന്ദേമാതരം’ പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത്. ഗാനം മുഴുവനായി ആലപിച്ചതിൽ തെറ്റില്ലെന്നും ഈ വിഷയത്തെ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിനിടെ വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് തടയാൻ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ശ്രമിച്ചു എന്ന തരത്തിലുള്ള വാർത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഏറെ നേരമായി നിൽക്കുകയായിരുന്നതിനാൽ ഇരിക്കാനായി ഒരു കസേര കൊണ്ടുവരാനാണ് സോണിയാ ഗാന്ധി ആംഗ്യം കാണിച്ചതെന്നും, അല്ലാതെ ഗാനം ആലപിക്കുന്നത് തടയാനല്ലെന്നും ജയറാം രമേശ് വിശദീകരിച്ചു. വന്ദേമാതരം കോൺഗ്രസിന്റെ ഗീതമാണെന്നും അത് ആദ്യമായി ആലപിച്ചത് കോൺഗ്രസിന്റെ പ്രവർത്തക സമിതിയിലായിരുന്നുവെന്നും വക്താവ് പവൻ ഖേരയും പ്രതികരിച്ചു. ഇതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഗാനം ആലപിക്കുന്നതിനിടെ ഖാർഗെയും സോണിയാ ഗാന്ധിയും നിർത്താൻ ആവശ്യപ്പെടുന്നതും രാഹുൽ ഗാന്ധി അതൃപ്‌തി രേഖപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. നേതാക്കൾ നിർത്താൻ ആവശ്യപ്പെട്ടിട്ടും അത് മുഖവിലക്കെടുക്കാതെ ഗായകർ വന്ദേമാതരം പൂർണമായും ആലപിക്കുകയായിരുന്നു. ആദ്യ വരികൾക്ക് ശേഷം ഗാനം തുടർന്നപ്പോൾ നേതാക്കളുടെ ഭാഗത്തുനിന്നും അസ്വസ്ഥതകൾ ഉണ്ടായി. വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട്. ഇതിന് വിരുദ്ധമായി എ.ഐ.സി.സി ആസ്ഥാനത്ത് തന്നെ വന്ദേമാതരം മുഴുവനായി ആലപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

Also read: