അമൃതംപൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര; നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ ഇനി മുതൽ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്തും. അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം. നിലവിലെ ബാച്ചിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അടുത്ത ബാച്ച് മുതൽ കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക.
എന്നാൽ, നിർദേശം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ വെല്ലുവിളികളും ഉയരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുന്നത് അമൃതംപൊടി കേടുകൂടാതെ ഇരിക്കുന്ന സമയപരിധി കുറയ്ക്കുമെന്നതാണ് പ്രധാന ആശങ്ക. കൂടാതെ, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ നിർദേശം.
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്ന മധുരം ആകെ കലോറിയുടെ അഞ്ച് ശതമാനത്തിൽ താഴെയായിരിക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ, അമൃതംപൊടിയിലെ ശർക്കര ഉപയോഗത്തെക്കുറിച്ചും പോഷകഘടനയിൽ വരുത്തേണ്ട ഭാവി മാറ്റങ്ങളെക്കുറിച്ചും പഠിക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.