04/09/2026
[fontresizer_tawhidurrahmandear_widget]

അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ അഴിമതി ചോദ്യം ചെയ്തു ;സ്റ്റേഷനിലെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമർദനവും മുസ്‌ലിം വിരുദ്ധ അധിക്ഷേപവും; ഡൽഹി പോലീസിനെതിരെ വനിതാ മാധ്യമപ്രവർത്തകരുടെ കുത്തിയിരിപ്പ് സമരം

 അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ അഴിമതി ചോദ്യം ചെയ്തു ;സ്റ്റേഷനിലെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമർദനവും മുസ്‌ലിം വിരുദ്ധ അധിക്ഷേപവും; ഡൽഹി പോലീസിനെതിരെ വനിതാ മാധ്യമപ്രവർത്തകരുടെ കുത്തിയിരിപ്പ് സമരം

ന്യൂഡൽഹി: വാർത്താ റിപ്പോർട്ടിങ്ങിനിടെ ഡൽഹി പോലീസ് ക്രൂരമായി മർദിക്കുകയും വർഗീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണവുമായി വനിതാ മാധ്യമപ്രവർത്തകർ രംഗത്ത്. യൂട്യൂബ് വാർത്താ ചാനലായ ‘4PM ന്യൂസ് നെറ്റ്‌വർക്കി’ന്റെ ഫ്രീലാൻസ് റിപ്പോർട്ടർമാരായ ഷഹീൻ ഖാൻ, നഫീസ ഖാൻ എന്നിവരാണ് കുറ്റക്കാരായ പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സാകേത് പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവർ പങ്കെടുത്ത ഒരു ഔദ്യോഗിക പരിപാടിക്കിടെ സർക്കാരിനെതിരായ സൈക്കിൾ വിതരണ അഴിമതിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചതെന്ന് മാധ്യമപ്രവർത്തകർ ആരോപിക്കുന്നു. തുടർന്ന് ബലംപ്രയോഗിച്ച് ഇവരെ സാകേത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സ്റ്റേഷനിലെ ഒരു മുറിയിൽ പൂട്ടിയിട്ട് മഫ്തിയിലുള്ള പോലീസുകാർ ഉൾപ്പെടെ ലാത്തിയും വടിയും ഉപയോഗിച്ച് തങ്ങളെ അതിക്രൂരമായി മർദിച്ചുവെന്ന് ഇരുവരും പറയുന്നു. ഫോൺ കോളുകളിൽ നിന്നും തങ്ങൾ മുസ്‌ലിമാണെന്ന് മനസിലാക്കിയതോടെ ‘ഖാൻ’ എന്ന പേര് ചോദിച്ച് വിദ്വേഷപരമായ പരാമർശങ്ങൾ നടത്തുകയും മർദനം കൂടുതൽ രൂക്ഷമാക്കുകയും ചെയ്തുവെന്ന് ഷഹീൻ ഖാൻ പുറത്തുവിട്ട വീഡിയോ റിപ്പോർട്ടിൽ പറയുന്നുണ്ട്.

മർദനത്തിൽ പരിക്കേറ്റ ഇരുവരെയും പിന്നീട് ഡൽഹി എയിംസ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. എന്നാൽ, മാധ്യമപ്രവർത്തകരുടെ ഈ ആരോപണങ്ങൾ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനന്ത് മിത്തൽ പൂർണ്ണമായും തള്ളി. വി.വി.ഐ.പി സുരക്ഷാ പാതയിൽ വാഹനം നിർത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും, യാതൊരുവിധ ശാരീരിക മർദനവും ഉണ്ടായിട്ടില്ലെന്നുമാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം.

സംഭവത്തിൽ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, കെ.യു.ഡബ്ല്യു.ജെ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: