പ്രണയം എതിർത്തു; പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ, 18 മാസത്തെ ജയിൽവാസത്തിന് ശേഷം കോടതി വെറുതെ വിട്ടു
ഇടുക്കി: കാമുകനുമായുള്ള പ്രണയം എതിർത്തതിന്റെ വൈരാഗ്യത്തിൽ സ്വന്തം പിതാവിനെ പ്രായപൂർത്തിയാകാത്ത മകൾ വ്യാജ പോക്സോ കേസിൽ കുടുക്കി. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം മരിയാപുരത്താണ് നാടിനെ നടുക്കിയ സംഭവം. കള്ളക്കേസാണെന്ന് തെളിഞ്ഞതോടെ 18 മാസത്തിന് ശേഷം കട്ടപ്പന അതിവേഗ കോടതി പിതാവിനെ കുറ്റവിമുക്തനാക്കി. ജാമ്യം പോലും ലഭിക്കാതെയാണ് നിരപരാധിയായ ഈ അച്ഛന് ഒന്നര വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നത്.
പെൺകുട്ടി കാമുകനുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നത് പിതാവ് വിലക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കാമുകനും കാമുകന്റെ അമ്മയും ചേർന്ന് പിതാവിനെതിരെ പോലീസിൽ വ്യാജ പരാതി നൽകിയത്. വീട്ടിൽ പോലീസ് എത്തി പിതാവിനെ അറസ്റ്റ് ചെയ്തപ്പോഴാണ് മകൾ കേസ് കൊടുത്ത വിവരം തന്നെ കുടുംബം അറിയുന്നത്.
പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് കാമുകനെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ പിതാവിനെതിരെ മൊഴി നൽകിയ മകൾ, കാമുകന് അനുകൂലമായി കൂറുമാറുകയായിരുന്നു. കോളേജിലെ സുഹൃത്താണെന്ന് പറഞ്ഞാണ് കാമുകൻ മുൻപ് വീട്ടിൽ വന്നിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.
മകൾ ഒളിച്ചിരുന്ന് ഫോൺ വിളിക്കുന്നത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായതെന്ന് പിതാവ് വ്യക്തമാക്കി. കള്ളക്കേസിൽ പെട്ടപ്പോൾ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവ് അറസ്റ്റിലായതിന് ശേഷം മൂന്ന് മാസം കഴിഞ്ഞ് കാമുകൻ വീണ്ടും വീട്ടിലെത്തിയിരുന്നു. അന്ന് പോലീസിനെ വിളിച്ചുവരുത്തി കാമുകനെ അറസ്റ്റ് ചെയ്യിച്ചെങ്കിലും മകൾ അവന് അനുകൂലമായി നിൽക്കുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. കേസിൽ കോടതി പിതാവിനെ വെറുതെ വിട്ടെങ്കിലും പെൺകുട്ടി ഇപ്പോൾ കാമുകനൊപ്പമാണ് ജീവിക്കുന്നത്.