04/09/2026
[fontresizer_tawhidurrahmandear_widget]

ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്‍റ് പൗഡർ ഉച്ചഭക്ഷണത്തിൽ ഇട്ടു; ബിഹാറിൽ 34 വിദ്യാർത്ഥികൾ ആശുപത്രിയിൽ

 ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്‍റ് പൗഡർ ഉച്ചഭക്ഷണത്തിൽ ഇട്ടു; ബിഹാറിൽ 34 വിദ്യാർത്ഥികൾ ആശുപത്രിയിൽ

പട്ന: ബിഹാറിലെ നാളന്ദ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്‍റ് പൗഡർ നൽകിയതിനെ തുടർന്ന് 34 വിദ്യാർത്ഥികൾക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. നാളന്ദയിലെ പർസ മിഡിൽ സ്കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. 2026 ഓഗസ്റ്റ് 18, ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ചോറും ഉരുളക്കിഴങ്ങ്-സോയാബീൻ കറിയുമാണ് സ്കൂളിൽ നിന്ന് അന്ന് കുട്ടികൾക്ക് നൽകിയത്. പാകം ചെയ്യുന്നതിനിടെ അടുക്കളയിലെ ജീവനക്കാരി അബദ്ധത്തിൽ ഉപ്പാണെന്ന് കരുതി ഡിറ്റർജന്‍റ് പൗഡർ ഇട്ടതാണെന്നാണ് സ്കൂൾ ഹെഡ്മാസ്റ്റർ ശൈലേന്ദ്ര കുമാർ സിംഗ് വ്യക്തമാക്കി. ഒരു എൻ.ജി.ഒ ആണ് സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.

ഭക്ഷണം കഴിച്ചതിന് പിന്നാലെ തന്നെ കുട്ടികൾക്ക് തൊണ്ടയിലും വയറിലും കടുത്ത എരിച്ചിലും വേദനയും അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തു. ഇതോടെ സ്കൂളിൽ പരിഭ്രാന്തി പരന്നു. തുടർന്ന് കുട്ടികളെ ഉടനടി ബിഹാർഷെരീഫിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇത് ഭക്ഷ്യവിഷബാധയാണെന്നും നിലവിൽ എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും നാളന്ദ സിവിൽ സർജൻ ജയ് പ്രകാശ് സിംഗ് അറിയിച്ചു. എന്നാൽ, ഡിറ്റർജന്റ് ചേർന്നുവെന്ന വാർത്ത നാളന്ദ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹേമചന്ദ്ര നിഷേധിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും മെഡിക്കൽ റിപ്പോർട്ട് വന്നതിന് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

വിവരമറിഞ്ഞയുടൻ നാളന്ദ എം.എൽ.എയും ഗ്രാമവികസന വകുപ്പ് മന്ത്രിയുമായ ശ്രാവൺ കുമാർ ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിക്കുകയും മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Also read: