‘സംസ്ഥാനങ്ങളുടെ ഏത് റോഡിലും കുഴിയുണ്ടായാലും ആളുകൾ എന്നെ കുറ്റപ്പെടുത്തുന്നു, ട്രോളുന്നു; ഞാൻ ചെയ്യുന്ന നല്ലതൊന്നും കാണുന്നില്ല’; നിതിൻ ഗഡ്ഗരി
ന്യൂഡൽഹി: സംസ്ഥാന സർക്കാരുകളുടെയോ മുൻസിപ്പാലിറ്റികളുടെയോ കീഴിലുള്ള റോഡുകളിൽ ഒരു കുഴിയുണ്ടായാൽ പോലും അതിനും ആളുകൾ കുറ്റപ്പെടുത്തുകയും ട്രോൾ ചെയ്യുകയും ചെയ്യുന്നത് തന്നെയാണെന്ന് തുറന്നടിച്ച് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി.
സുപ്രധാനമായ ‘മിസ്സിംഗ് ലിങ്ക് പ്രൊജക്റ്റിനെ’ക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളിലെ അടിസ്ഥാനരഹിതമായ വിമർശനങ്ങൾക്കെതിരെ കേന്ദ്രമന്ത്രി രംഗത്തെത്തിയത്. രാജ്യത്തെ ദേശീയ പാതകളുടെയും പ്രധാന എക്സ്പ്രസ് വേകളുടെയും നിർമ്മാണവും പരിപാലനവും മാത്രമാണ് കേന്ദ്ര സർക്കാരിന്റെയും തന്റെ മന്ത്രാലയത്തിന്റെയും പൂർണ്ണ ചുമതലയിലുള്ളത്. എന്നാൽ സാധാരണ ജനങ്ങൾക്ക് പലപ്പോഴും ഏത് റോഡാണ് ഏത് വകുപ്പിന്റെയോ സർക്കാരിന്റെയോ കീഴിലാണ് വരുന്നതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഗ്രാമീണ റോഡുകളിലോ നഗരസഭയുടെ റോഡുകളിലോ സംസ്ഥാന പാതകളിലോ എവിടെ കുഴികൾ രൂപപ്പെട്ടാലും അവർ ഉടൻ തന്നെ കേന്ദ്ര റോഡ് ഗതാഗത മന്ത്രിയായ തന്നെ പഴിചാരുകയാണ് പതിവെന്ന് ഗഡ്‌കരി ചൂണ്ടിക്കാട്ടി.
ഒരു അടിസ്ഥാനവുമില്ലാതെയാണ് ഇത്തരം വിഷയങ്ങളിൽ സൈബർ ഇടങ്ങളിൽ തനിക്കെതിരെ ട്രോളുകൾ നിറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന പുണെ-മുംബൈ എക്‌സ്‌പ്രസ്‌വേയിലെ മിസ്സിംഗ് ലിങ്ക് പദ്ധതിയെക്കുറിച്ചും അദ്ദേഹം വാചാലനായി. ഇത്തരം ബൃഹത്തായ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ രാജ്യത്തിന്റെ വേഗത്തിലുള്ള പുരോഗതിക്ക് എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രാദേശിക പൊതുമരാമത്ത് വകുപ്പുകളുടെയും സംസ്ഥാന സർക്കാരുകളുടെയും റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം കേന്ദ്രത്തിനില്ലെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും, സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് റോഡുകളുടെ അധികാരപരിധി ആരുടേതാണെന്ന് പരിശോധിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗഡ്‌കരി അഭ്യർത്ഥിച്ചു.