‘ടീച്ചർ വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്ത് എത്തി, പിന്നിൽനിന്നു കത്തി കൊണ്ട് 27 തവണ ഇഞ്ചിഞ്ചായി കുത്തി’-പ്രിൻസിപ്പലിനെ ക്രൂരമായി കൊലപ്പെടുത്തി വിദ്യാർഥികൾ | Students Arrest in School Principal Murder
ഹൈദരാബാദ്: സ്‌കൂൾ പ്രിൻസിപ്പലിനെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തി വിദ്യാർഥികൾ(Students Arrest in School Principal Murder). പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടുപേർ ചേർന്നാണ് വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കിയെത്തി ക്രൂരകൃത്യം നടത്തിയത്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണു നാടിനെ നടുക്കിയ സംഭവം.
കൊണ്ടമല്ലെപ്പള്ളി ജെ.ബി കോളനിയിലെ വസതിയിലാണ് നാഗാർജുന കോൺസെപ്റ്റ് സ്‌കൂൾ പ്രിൻസിപ്പലായ രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ആരാണു കൃത്യം നടത്തിയതെന്നു തുടക്കത്തിൽ വ്യക്തമായിരുന്നില്ല. എന്നാൽ, രൂപ അവസാനമായി നടത്തിയ ഫോൺ സംഭാഷണമാണ് കേസിൽ വഴിത്തിരിവായത്. കൊല്ലപ്പെട്ട പ്രിൻസിപ്പൽ അവസാനമായി ‘ബാബു’ എന്ന് ഉച്ചത്തിൽ വിളിച്ചിരുന്നു. ഇതിനു പുറമെ പ്രിൻസിപ്പലിന്റെ വീട്ടിൽനിന്ന് കവർന്ന പണം ഉപയോഗിച്ച് ഐഫോൺ വാങ്ങിയതും സുഹൃത്തുക്കൾക്ക് വലിയ രീതിയിൽ പാർട്ടി നൽകിയതുമാണ് പത്താം ക്ലാസ് വിദ്യാർത്ഥികളെ കുടുക്കിയത്.
ക്രൂരമായ കൊലപാതകവും മോഷണവും | Students Arrest in School Principal Murder
ഓഗസ്റ്റ് 11-നാണ് രൂപ റെഡ്ഡി ക്രൂരമായി കൊല്ലപ്പെടുന്നത്. ഇവരുടെ ഭർത്താവ് രാജേന്ദർ റെഡ്ഡി ജോലി ആവശ്യത്തിനായി ഹൈദരാബാദിലായിരുന്ന സമയത്തായിരുന്നു സംഭവം. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് ഭർത്താവ് അയൽവാസികളെ വിവരമറിയിക്കുകയും, അവർ നടത്തിയ പരിശോധനയിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
സ്‌കൂൾ ഫീസ് പിരിവ് നടക്കുന്ന മാസമായതിനാൽ പ്രിൻസിപ്പലിന്റെ വീട്ടിൽ ലക്ഷക്കണക്കിന് രൂപ സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് പ്രധാന പ്രതിയായ വിദ്യാർത്ഥി മനസ്സിലാക്കിയിരുന്നു. ഇതിനായി മറ്റൊരു സഹപാഠിയുമായി ചേർന്ന് അഞ്ച് ദിവസം മുൻപേ മോഷണത്തിനുള്ള ആസൂത്രണം നടത്തി. വീട്ടിൽ ആരുമില്ലാത്ത സമയം കൃത്യത്തിനായി ആസൂത്രണം ചെയ്തു. മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ സംഘത്തിലെ ഒരാൾ മതിൽ ചാടിക്കടന്ന് വീടിനകത്ത് പ്രവേശിക്കുകയും രണ്ടാമൻ പുറത്ത് കാവൽ നിൽക്കുകയും ചെയ്തു.
മുറിയിൽനിന്ന് 2.5 ലക്ഷം രൂപ കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന പ്രിൻസിപ്പൽ വിദ്യാർത്ഥിയെ കണ്ടത്. പിടിവലിക്കിടെ മുഖംമൂടി അഴിഞ്ഞുവീഴുകയും വിദ്യാർത്ഥിയെ പ്രിൻസിപ്പൽ തിരിച്ചറിയുകയും ചെയ്തു. പോലീസിൽ പരാതിപ്പെടുമെന്ന് ഭയന്ന പ്രതി കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രിൻസിപ്പലിനെ തുരുതുരാ 27 തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
അന്വേഷണത്തിൽ വഴിത്തിരിവായ ‘ബാബു’ | Students Arrest in School Principal Murder
സംഭവത്തിൽ നൽഗൊണ്ട എസ്.പി ശരത് ചന്ദ്ര പവാറിന്റെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും 70-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ, കേസിൽ ഏറ്റവും വലിയ വഴിത്തിരിവുണ്ടാക്കിയത് കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപ് രൂപ റെഡ്ഡി സ്വന്തം അമ്മായിയുമായി നടത്തിയ ഫോൺ കോളായിരുന്നു.
സംഭാഷണത്തിനിടെ ഫോൺ പെട്ടെന്ന് കട്ടാകുന്നതിന് തൊട്ടുമുമ്പ് പ്രിൻസിപ്പൽ ‘ബാബു’ എന്ന് വിളിക്കുന്നത് ഇവർ കേട്ടിരുന്നു. തെലുങ്കിൽ കുട്ടികളെയും വിദ്യാർത്ഥികളെയും വാത്സല്യത്തോടെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന വാക്കാണിത്. വീട്ടിലേക്ക് കയറിവന്നത് അപരിചിതനായ മോഷ്ടാവല്ല, മറിച്ച് സ്‌കൂളിലെ ഏതെങ്കിലും വിദ്യാർത്ഥിയാകാം എന്ന നിഗമനത്തിലേക്ക് പോലീസിനെ നയിച്ചത് ഈ സൂചനയാണ്.
രക്തക്കറ പുരണ്ട നോട്ടുകളും ഐഫോണും | Students Arrest in School Principal Murder
സംഭവത്തിന് ശേഷം സ്‌കൂളിൽ ഹാജരാകാതിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പട്ടിക പോലീസ് തയ്യാറാക്കി. ഇതിൽ രണ്ട് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തുക്കൾക്കായി വൻതോതിൽ പണം ചെലവഴിച്ച് പാർട്ടികൾ നടത്തുന്നതായി രഹസ്യവിവരം ലഭിച്ചു.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രധാന പ്രതിയിൽ നിന്ന് 1.54 ലക്ഷം രൂപയും പുതിയ ഐഫോണും പ്രിൻസിപ്പലിന്റെ മൊബൈൽ ഫോണും കണ്ടെടുത്തു. മാതാപിതാക്കൾ നൽകിയ പണമാണെന്നാണ് വിദ്യാർത്ഥി ആദ്യം അവകാശപ്പെട്ടത്. എന്നാൽ, 500 രൂപയുടെ കറൻസി നോട്ടുകളിൽ മനുഷ്യരക്തത്തിന്റെ കറകൾ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മദ്യപാന ശീലവും വിലകൂടിയ ബൈക്കുകളോടും കാറുകളോടുമുള്ള ഭ്രമവുമാണ് വിദ്യാർത്ഥികളെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് 15 ദിവസം മുൻപ് പ്രതികളിൽ ഒരാളുടെ ബാഗിൽനിന്ന് പണവും മൊബൈൽ ഫോണും കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ ശാസിക്കുകയും ഹോസ്റ്റലിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യവും വേഗത്തിൽ പണമുണ്ടാക്കാനുള്ള ആഗ്രഹവുമാണ് അധ്യാപികയെ അരുംകൊല ചെയ്യാൻ പ്രതികളെ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.
പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.