ക്രൂരം! 25കാരിയെ ഭർത്താവ് സ്പായിൽ കയറി കുത്തിക്കൊന്നു | Hyderabad Spa Murder
ഹൈദരാബാദ്: കുടുംബ തർക്കങ്ങളെത്തുടർന്ന് 25-കാരിയെ സ്പായിലെത്തി കുത്തിക്കൊന്ന് ഭർത്താവ്(Hyderabad Spa Murder). തെലങ്കാനയിലെ സെക്കന്ദരാബാദിലാണു ഞെട്ടിക്കുന്ന സംഭവം. സെക്കന്ദരാബാദിലെ കവാഡിഗുഡയിലുള്ള ഒരു സ്പാ സെന്ററിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കിഷൻ ബാഗ് സ്വദേശിനിയായ ബംഗി ഡെബോറ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ചൊവ്വാഴ്ച രാവിലെ ജോലിക്ക് ഇറങ്ങുന്നതിന് മുൻപ് ഡെബോറയും ഭർത്താവ് രാജുവുമായി വീട്ടിൽ വെച്ച് കടുത്ത വാക്കുതർക്കമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും കുടുംബപരമായ പ്രശ്നങ്ങളും നിലനിന്നിരുന്നു. തുടർന്ന് ഡെബോറ കവാഡിഗുഡയിലെ രത്നദീപ് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിലുള്ള സ്പാ സെന്ററിലെ തന്റെ ജോലിസ്ഥലത്തേക്ക് പോയി.
എന്നാൽ, വഴക്കിന് പിന്നാലെ കയ്യിൽ കരുതിയ കത്തിപ്പൂട്ടുമായി ഓട്ടോ ഡ്രൈവറായ രാജു ഭാര്യയെ പിന്തുടരുകയായിരുന്നു. രാവിലെ പത്തരയോടെ ഡെബോറ ജോലിസ്ഥലത്ത് എത്തിയതിന് തൊട്ടുപിന്നാലെ സ്പായ്ക്കുള്ളിലേക്ക് അതിക്രമിച്ചുകയറിയ പ്രതി, യുവതിയെ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചു. ഡെബോറയുടെ ശരീരത്തിൽ ഇയാൾ തുരുതുരെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു.
ഭാര്യയുടെ ‘സംശയരോഗവും’ മറ്റു കുടുംബ വഴക്കുകളുമാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 12 ദിവസമായി ജോലിക്ക് പോകാതിരുന്ന ഡെബോറ, ചൊവ്വാഴ്ചയാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ക്രൂരമായ കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതി പിന്നീട് അട്ടാപൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ഗാന്ധിനഗർ പൊലീസും ക്ലൂസ് ടീമും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട ഡെബോറ. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.