04/09/2026
[fontresizer_tawhidurrahmandear_widget]

യുപി-മധ്യപ്രദേശ് അതിർത്തിയിൽ മിന്നൽ പ്രളയം: മന്ദാകിനി കരകവിഞ്ഞു; വൻ നാശനഷ്ടം

 യുപി-മധ്യപ്രദേശ് അതിർത്തിയിൽ മിന്നൽ പ്രളയം: മന്ദാകിനി കരകവിഞ്ഞു; വൻ നാശനഷ്ടം

ലഖ്‌നൗ/ഭോപാൽ: മധ്യപ്രദേശിലെ സത്നയിലും യുപിയിലെ ചിത്രകൂടിലും കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം. മേഖലയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മന്ദാകിനി നദിയിലെ ജലനിരപ്പ് 2003-ലെ റെക്കോർഡും ഭേദിച്ച് ഉയർന്നതോടെ സമീപത്തെ വീടുകളും കടകളും ക്ഷേത്രങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ആളുകളെയാണ് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഇതിനകം ഒഴിപ്പിച്ചത്.

രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ രംഗത്തിറങ്ങിയിട്ടുണ്ട്. കൂടാതെ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളും (NDRF, SDRF) സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പ്രളയബാധിത റോഡുകളിൽ ബോട്ടുകൾ ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. ദുരിതബാധിതർക്കായി നിലവിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും ശക്തമാക്കി.

വൃഷ്ടിപ്രദേശങ്ങളിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നദിക്കരകളിലേക്കും ഘാട്ടുകളിലേക്കും പ്രവേശിക്കരുതെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഉത്തരാഖണ്ഡിലെ ടോൺസ് നദിയിലും ജലനിരപ്പ് അപകടനില കടന്നതോടെ അവിടെയും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Also read: