05/09/2026
[fontresizer_tawhidurrahmandear_widget]

മൈൻട്യൂൺ എജുലാബ് കോൺവൊക്കേഷൻ സംഘടിപ്പിച്ചു

 മൈൻട്യൂൺ എജുലാബ് കോൺവൊക്കേഷൻ സംഘടിപ്പിച്ചു

കൊയിലാണ്ടി: മൈൻട്യൂൺ എജുലാബിന്റെ നേതൃത്വത്തിൽ വിവിധ പ്രൊഫഷണൽ പരിശീലന കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ കൊയിലാണ്ടി മുനിസിപ്പൽ ഹാളിൽ സംഘടിപ്പിച്ചു. Xodus, SLM, Eduvate എന്നീ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും അംഗീകാരവും നൽകിയത്.

കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ അഡ്വ: പ്രവീൺ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം കേവലം സർട്ടിഫിക്കറ്റുകളിൽ ഒതുങ്ങുന്നതല്ലെന്നും വ്യക്തിത്വവികസനത്തിലൂടെയും സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങളിലൂടെയും വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം സാക്ഷാത്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറുന്ന കാലഘട്ടത്തിനനുസരിച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഴിവുകൾ വികസിപ്പിക്കുന്നതിനും വ്യക്തിത്വപരമായ വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന വിവിധ പരിശീലന പരിപാടികളാണ് മൈൻട്യൂൺ എജുലാബ് നടത്തിവരുന്നത്. അറിവിനൊപ്പം മൂല്യബോധവും ജീവിതനൈപുണികളും സമൂഹത്തോടുള്ള ഉത്തരവാദിത്വവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

മൈൻട്യൂൺ എജുലാബ് ചെയർമാൻ ഇഹ്ജാസ് നജീബ് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ സാംസ്‌കാരികം പ്രസിഡണ്ട് അബ്ദുൽ കരീം നിസാമി, ഡി സി സി സെക്രട്ടറി രാജേഷ് കീഴരിയൂർ, നജീബ് സി , ഹമീദ് പി .എം, നിസാർ സി, ഷബീൽ. സി, അശ്കറലി വയനാട് , റാഫി പി. കെ, മുഹമ്മദ് അലി പി.എം, ഉമർ കുട്ടി. പി . എം, ജസീർ , അബ്‌ദുറഹിമാൻ ഹാജി ,എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം ചടങ്ങിന് ആവേശം പകർന്നു.

വ്യക്തികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുകയും കൂടുതൽ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്വത്തോടെയും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന പരിശീലന സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് മൈൻട്യൂൺ എജുലാബ് ഭാരവാഹികൾ അറിയിച്ചു.

Also read: