02/09/2026
[fontresizer_tawhidurrahmandear_widget]

‘രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യൻ ജനതയുടെ കഠിനാധ്വാനത്തെ അവഹേളിക്കരുത്’; രാഹുൽ ഗാന്ധിയുടെ തകർന്ന സമ്പദ്‌വ്യവസ്ഥ പരാമർശത്തിൽ മറുപടിയുമായി നിർമല സീതാരാമൻ

 ‘രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യൻ ജനതയുടെ കഠിനാധ്വാനത്തെ അവഹേളിക്കരുത്’; രാഹുൽ ഗാന്ധിയുടെ തകർന്ന സമ്പദ്‌വ്യവസ്ഥ പരാമർശത്തിൽ മറുപടിയുമായി നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തെ സാധാരണക്കാരുടെ കഠിനാധ്വാനത്തെ തള്ളിപ്പറയുന്നതും അവഹേളിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ച രേഖപ്പെടുത്തി അതിവേഗം മുന്നേറുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് തികച്ചും വിചിത്രമാണെന്നും അവർ പറഞ്ഞു. ജി20 ധനമന്ത്രിമാരുടെ യോഗത്തിനിടെ നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയുടെ പേരെടുത്തു പറയാതെയുള്ള മന്ത്രിയുടെ പ്രതികരണം.

തുടർച്ചയായി മികച്ച വളർച്ചാനിരക്ക് കൈവരിക്കുമ്പോഴും സമ്പദ്‌വ്യവസ്ഥ തകർന്നു എന്ന് പ്രചരിപ്പിക്കുന്നത് കേവലം രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്. ചില മേഖലകളിൽ ഇനിയും പുരോഗതി ആവശ്യമായിരിക്കാം. എന്നാൽ അതിൻ്റെ പേരിൽ രാജ്യത്തിൻ്റെ മൊത്തത്തിലുള്ള മികച്ച വളർച്ചയെ ഇല്ലാതാക്കാൻ ശ്രമിക്കരുത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സാമ്പത്തിക രംഗത്തെക്കുറിച്ച് ഇത്തരത്തിൽ അപവാദം പ്രചരിപ്പിക്കുന്നത് അധികകാലം വിലപ്പോവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ജനാധിപത്യത്തിൽ സർക്കാരിനെയും ഭരണനയങ്ങളെയും ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിന് പൂർണ അവകാശമുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ സർക്കാരിനെ വിമർശിക്കുന്നതിൻ്റെ പേരിൽ രാജ്യത്തെ ജനങ്ങളുടെ സംഭാവനകളെയും പ്രയത്നത്തെയും തള്ളിപ്പറയരുത്. യാഥാർഥ്യങ്ങൾ കൃത്യമായി അറിയാവുന്ന സാമ്പത്തിക വിദഗ്ധർ അടങ്ങിയ ഉപദേശകസമിതി കോൺഗ്രസ് പാർട്ടിക്കുള്ളിലുണ്ട്. എന്നിട്ടും രാഷ്ട്രീയ നേട്ടത്തിനായി മാത്രം അവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

ആഗോളതലത്തിൽ വലിയ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി നിലനിർത്തുന്നത് ജനങ്ങളുടെ കഠിനാധ്വാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനവുമാണ്. അതിനാൽ അനാവശ്യ ഭീതി പരത്തുന്ന പ്രസ്താവനകളിൽ നിന്ന് പ്രതിപക്ഷം അടിയന്തരമായി പിന്മാറണമെന്നും നിർമല സീതാരാമൻ ആവശ്യപ്പെട്ടു.

Also read: