രാഹുൽ ഗാന്ധി അല്ല, വിജയ് തന്നെ പ്രധാനമന്ത്രി; കോൺഗ്രസിന്റെ രാജി ഭീഷണി തള്ളി തമിഴ്‌നാട് മന്ത്രി സെങ്കോട്ടയ്യൻ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിൽ സഖ്യകക്ഷിയായ കോൺഗ്രസുമായി കടുത്ത ഭിന്നത നിലനിൽക്കെ, തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ടിവികെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യൻ. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ടിവികെ അംഗീകരിച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ മുന്നറിയിപ്പുകളെ വകവെക്കാതെയാണ് സെങ്കോട്ടയ്യൻ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിജയ് തന്നെയാണ് ടിവികെയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
ടിവികെ നേതാവായ മുഖ്യമന്ത്രി വിജയ്ക്ക് തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വളരെ വ്യക്തതയുണ്ടെന്ന് സെങ്കോട്ടയ്യൻ പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങൾ വലിയ വിശ്വാസത്തോടെയാണ് അദ്ദേഹത്തിന് വോട്ട് നൽകി വിജയിപ്പിച്ചതെന്നും, സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കാനും അവർ ആഗ്രഹിക്കുന്ന വികസന പദ്ധതികൾ നടപ്പിലാക്കാനും മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. പാർട്ടി രൂപീകരിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ വലിയ വിജയമാണ് ടി.വി.കെ നേടിയതെന്നും, നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മുൻപ് പുതിയ ചിഹ്നം നേടിയെടുത്തിട്ടും ചരിത്ര വിജയം നേടാൻ കഴിഞ്ഞത് ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വലിയ വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന 2029-ൽ വിജയ് പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നും അന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു മാറ്റം എല്ലാവർക്കും കാണാൻ സാധിക്കുമെന്നും ടിവികെ എം.എൽ.എയായ കനിമൊഴി സന്തോഷും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് വിജയിയെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയതെന്നും, അതുകൊണ്ട് 2029-ൽ അദ്ദേഹം തന്നെ വിജയിയുടെ കൈപിടിച്ച് പ്രധാനമന്ത്രി കസേരയിലും ഇരുത്തുമെന്നും കനിമൊഴി പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവായ സെങ്കോട്ടയ്യനും രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസും ടി.വി.കെയും തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം വരും ദിവസങ്ങളിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.