05/09/2026
[fontresizer_tawhidurrahmandear_widget]

‘തൂഫാനില്‍പെട്ടവര്‍ ഫോട്ടോ എടുക്കാന്‍ വരരുത്; മന്ത്രിമാര്‍ക്കൊപ്പം ഫോട്ടോ എടുത്തവരാണെങ്കിലും കുടുങ്ങും, ഒരു ഇളവുമുണ്ടാകില്ല’; ഓപ്പറേഷൻ തൂഫാൻ 2.0 പ്രഖ്യാപിച്ച് ചെന്നിത്തല

 ‘തൂഫാനില്‍പെട്ടവര്‍ ഫോട്ടോ എടുക്കാന്‍ വരരുത്; മന്ത്രിമാര്‍ക്കൊപ്പം ഫോട്ടോ എടുത്തവരാണെങ്കിലും കുടുങ്ങും, ഒരു ഇളവുമുണ്ടാകില്ല’; ഓപ്പറേഷൻ തൂഫാൻ 2.0 പ്രഖ്യാപിച്ച് ചെന്നിത്തല

തിരുവനന്തപുരം: ലഹരിക്കേസുകളിലെ കുറ്റവാളികൾ മുഖ്യമന്ത്രിയോടൊപ്പമോ മറ്റ് മന്ത്രിമാർക്കൊപ്പമോ ഫോട്ടോ എടുത്തവരാണെങ്കിൽ പോലും നിയമനടപടികളിൽ അവർക്ക് യാതൊരു ഇളവും ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കോഴിക്കോട്ട് ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ മന്ത്രിമാർക്കൊപ്പം ഫോട്ടോയെടുക്കാൻ വരാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ കർശന നിർദേശപ്രകാരം നടന്ന ചന്തേര ലഹരിവേട്ട സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ്. ഈ കേസിലെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും, കേസിൽ കൂടുതൽ പേർ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടമായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകും. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് കൂടുതൽ ജനങ്ങളിലേക്ക് പദ്ധതിയെ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ലഹരി വേട്ട കൂടുതൽ ശക്തമാക്കുന്നതിനായി ഡാൻസാഫിന് പുതിയ വാഹനങ്ങളും അത്യാധുനിക ലഹരി പരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കും. വീടുകൾ കേന്ദ്രീകരിച്ചുള്ള ലഹരിവിരുദ്ധ പ്രതിരോധമാണ് രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി വിദ്യാർത്ഥികളെയും വീട്ടമ്മമാരെയും സജീവ പങ്കാളികളാക്കും.

ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി കണ്ട് അവർക്ക് സൗജന്യ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന ‘തൂഫാൻ കെയർ’ പദ്ധതിയും സജീവമാക്കും. ബോധവൽക്കരണത്തിനും ഡീ-അഡിക്ഷൻ പ്രവർത്തനങ്ങൾക്കുമാണ് രണ്ടാം ഘട്ടം കൂടുതൽ ഊന്നൽ നൽകുക. കൂടാതെ, ഒന്നാം ഘട്ടത്തിലെ സ്കൂൾ-കോളേജ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടർന്നും നടപ്പിലാക്കും. പദ്ധതി വിപുലീകരിക്കുന്നതിനായി കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

സംസ്ഥാന ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വലിയ ലഹരിവേട്ടയാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി കെ.എം. ഷാജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 28-ന് സംസ്ഥാനത്തെ 1,200 തദ്ദേശ സ്ഥാപനങ്ങളിൽ ഒരേസമയം തൂഫാൻ പതാക ഉയർത്തുകയും ലഹരിക്കെതിരായ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തുകയും ചെയ്യും. സംസ്ഥാനത്തെ എല്ലാ വാർഡുകളിലും തൂഫാൻ സമിതികളും വാർഡ് സഭകളും രൂപീകരിച്ച് പത്ത് വീതം ‘തൂഫാൻ വാരിയർ’മാരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബശ്രീ, ഹരിതകർമ്മ സേന, ആശാ വർക്കർമാർ, അംഗനവാടികൾ, സാംസ്കാരിക ക്ലബ്ബുകൾ എന്നിവരെ ഉൾപ്പെടുത്തി വീടുകൾ കയറിയുള്ള ക്യാമ്പയിനുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം ജൂൺ രണ്ടിന് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത തൂഫാൻ ഒന്നാം ഘട്ടം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വലിയ വിജയമായിരുന്നുവെന്നും, നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Also read: