06/09/2026
[fontresizer_tawhidurrahmandear_widget]

‘തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഞാൻ മറ്റ് ജോലികൾ അന്വേഷിക്കാൻ തുടങ്ങി, ഒരു ജോലി തരാമോയെന്ന് പലരോടും ചോദിച്ചു’; തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ജീവിതം തുറന്നുപറഞ്ഞ് സ്മൃതി ഇറാനി

 ‘തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഞാൻ മറ്റ് ജോലികൾ അന്വേഷിക്കാൻ തുടങ്ങി, ഒരു ജോലി തരാമോയെന്ന് പലരോടും ചോദിച്ചു’; തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ജീവിതം തുറന്നുപറഞ്ഞ് സ്മൃതി ഇറാനി

ന്യൂഡൽഹി: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ മാറ്റങ്ങളെക്കുറിച്ചും പുതിയ തിരിച്ചറിവുകളെക്കുറിച്ചും തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയും നടിയുമായ സ്മൃതി ഇറാനി. അമേഠി മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കിഷോരി ലാൽ ശർമ്മയോടേറ്റ തോൽവി തന്റെ ജീവിതത്തിൽ പുതിയൊരു കാഴ്ചപ്പാട് നൽകിയെന്നും, അതൊരു വലിയ മോചനമായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അവർ വിശേഷിപ്പിച്ചു.

രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സമയത്ത് തനിക്ക് പലതും മറ്റുള്ളവർക്ക് മുന്നിൽ തെളിയിക്കാനുണ്ടായിരുന്നുവെന്നും, എന്നാൽ 2024-ൽ എത്തിയപ്പോൾ തന്റെ അനുഭവസമ്പത്ത് സമൂഹത്തിന് എങ്ങനെ സംഭാവന ചെയ്യാമെന്നതിലായി ശ്രദ്ധയെന്നും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, വിനോദമേഖലയിലെ പലരെയും നേരിട്ട് വിളിച്ച് ജോലി ആവശ്യപ്പെടാൻ താൻ യാതൊരു മടിയും കാണിച്ചിരുന്നില്ലെന്ന് സ്മൃതി ഇറാനി പറയുന്നു. “എനിക്ക് ഇപ്പോൾ ജോലി ഒന്നുമില്ല, എനിക്ക് എന്തെങ്കിലും വർക്ക് തരാമോ” എന്ന് തുറന്നുചോദിച്ചുകൊണ്ടാണ് പുതിയൊരു തുടക്കത്തിനായി അവർ തയാറെടുത്തത്. തോൽവിയെ ജീവിതത്തിന്റെ അവസാനമായി കാണാതെ, അതിനെ പുതിയൊരു അവസരമാക്കി മാറ്റിയ അവരുടെ ഈ വാക്കുകൾ വലിയ ശ്രദ്ധ നേടുകയാണ്.

രാഷ്ട്രീയത്തിലെ തിരക്കുകളിൽ നിന്നുള്ള ഈ ഇടവേള ഒടുവിൽ അവരെ അഭിനയലോകത്തേക്ക് തന്നെ തിരികെയെത്തിച്ചു. 2025 ജൂലൈയിൽ, തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ ‘ക്യൂൻകി സാസ് ഭി കഭി ബഹു തി’എന്ന ജനപ്രിയ പരമ്പരയുടെ രണ്ടാം സീസണിലൂടെ ടെലിവിഷൻ സ്ക്രീനിലേക്ക് ഗംഭീരമായൊരു തിരിച്ചുവരവാണ് സ്മൃതി ഇറാനി നടത്തിയത്.

Also read: