‘ഹിന്ദി അറിയില്ലെങ്കിൽ പഠിപ്പിച്ചു തരാം’: യുപി എംഎൽഎയുടെ വെല്ലുവിളിയും ‘ജയ് ശ്രീറാം’ വിളികളും; ദേശീയ വനിതാ കമ്മിഷൻ വേദിയിൽ നിന്ന് കേരള എംഎൽഎമാർ ഇറങ്ങിപ്പോയി
ന്യൂഡൽഹി: ദേശീയ വനിതാ കമ്മിഷൻ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഹിന്ദിയെച്ചൊല്ലി രൂക്ഷമായ വാഗ്വാദം. ഹിന്ദി അറിയില്ലെങ്കിൽ പഠിപ്പിച്ചു തരാമെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ വെല്ലുവിളിച്ചതിനെത്തുടർന്ന് കേരളത്തിൽ നിന്നുള്ള വനിതാ എംഎൽഎമാർ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി. ഫരീദാബാദിൽ നടന്ന രണ്ടുദിവസത്തെ ദേശീയ പരിശീലന ശിൽപശാലയിലാണ് സംഭവം.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 390-ലേറെ ജനപ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ, ആശയവിനിമയ മാധ്യമമായി ഹിന്ദി മാത്രം ഉപയോഗിച്ചതിനെ കേരളത്തിൽ നിന്നുള്ള എംഎൽഎമാർ ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് തർക്കം ഉടലെടുത്തത്. ഹിന്ദി രാഷ്ട്രഭാഷയാണെന്നും ചർച്ചകൾ ഹിന്ദിയിൽ തന്നെ തുടരുമെന്നും ഉത്തരേന്ത്യൻ എംഎൽഎമാർ നിലപാടെടുത്തു. തുടർന്ന് ഹാളിൽ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരുകയും ചെയ്തു.
പ്രതിഷേധങ്ങൾക്കിടയിലും വനിതാ കമ്മിഷൻ ചെയർപഴ്സൻ വിജയ രഹത്കർ ഇടപെടാനോ മറുപടി നൽകാനോ തയാറായില്ലെന്ന് ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും മന്ത്രി ബിന്ദു കൃഷ്ണയും വ്യക്തമാക്കി. ദേശീയതലത്തിലുള്ള പരിപാടിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും ജനപ്രതിനിധികളെ ഉൾക്കൊള്ളുന്ന രീതിയിൽ സംവിധാനമൊരുക്കാൻ കമ്മിഷന് സാധിച്ചില്ലെന്ന് മന്ത്രി കെ.എ തുളസിയും ഫാത്തിമ തഹ്ലിയയും വിമർശിച്ചു.
ലോക്സഭാ സ്പീക്കർ ഓം ബിർല ഉദ്ഘാടനം ചെയ്ത ശിൽപശാലയിൽ കേരളത്തിൽ നിന്ന് ഉഷാ വിജയൻ, കെ.കെ രമ, ഉമ തോമസ്, വിദ്യാ ബാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മുൻപും പത്രസമ്മേളനങ്ങളിൽ ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി മാത്രം സംസാരിച്ചതിന്റെ പേരിൽ വനിതാ കമ്മിഷൻ ചെയർപഴ്സൻ വിമർശനം നേരിട്ടിട്ടുണ്ട്.