‘ഹിന്ദി ദേശീയ ഭാഷയല്ല, എനിക്ക് തെറ്റുപറ്റി’; ഹിന്ദി വിവാദത്തില്‍ മാപ്പ് പറഞ്ഞ് കന്നഡ താരം ശിവരാജ്കുമാര്‍
ശിവരാജ്കുമാര്‍
ബംഗളൂരു: ഹിന്ദിയെ ദേശീയ ഭാഷയെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ. തന്റെ പുതിയ പാൻ-ഇന്ത്യൻ ചിത്രമായ ‘ഒറിജിനൽ മോൺസ്റ്റർ’ എന്ന സിനിമയുടെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കവെയാണ് തനിക്ക് തെറ്റുപറ്റിയതാണെന്നും ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഒന്നു മാത്രമാണ് ഹിന്ദിയെന്നും അദ്ദേഹം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ട സംഭവം നടന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ പറയുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, “ഹിന്ദി എന്റെ രണ്ടാമത്തെ ഭാഷയാണ്. അത് എളുപ്പമുള്ളൊരു ഭാഷയാണ്, ദേശീയഭാഷയല്ലേ?” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ കന്നഡ ഭാഷയെയും പ്രാദേശിക തനിമയെയും അവഗണിച്ചുവെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നുവന്നത്.
വിവാദം കനത്തതോടെയാണ് ബുധനാഴ്ച നടന്ന ചടങ്ങിൽ താരം നേരിട്ട് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. “ഹിന്ദിയെ ഞാൻ ദേശീയഭാഷ എന്ന് വിളിച്ചുപോയി. സംസാരിച്ചപ്പോൾ വാക്കുകൾ മാറിപ്പോയതാണ്. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഹിന്ദി സംസാരിക്കുന്നവർക്ക് അവരുടെ ഭാഷ പ്രധാനമായിരിക്കാം, എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ കന്നഡയാണ് എപ്പോഴും പ്രധാനം,” താരം തുറന്നുപറഞ്ഞു.
ആർ. ചന്ദു സംവിധാനം ചെയ്യുന്ന ‘ഒറിജിനൽ മോൺസ്റ്റർ’ എന്ന ചിത്രത്തിലൂടെ ശിവരാജ്കുമാർ ഹിന്ദി സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആർ.സി സ്റ്റുഡിയോസിന്റെ ബാനറിൽ യമുന ചന്ദ്ര നിർമ്മിക്കുന്ന ചിത്രം കന്നഡയിലും ഹിന്ദിയിലുമായാണ് പുറത്തിറങ്ങുന്നത്. 1990-കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടൻ സുനിലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാം ചരൺ നായകനായ ‘പെഡ്ഡി’യിലാണ് താരം അവസാനമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
ബ്ലാഡർ കാൻസർ ബാധിതനായിരുന്ന ശിവരാജ്കുമാർ അടുത്തിടെയാണ് ചികിത്സയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായത്. 2024 ഡിസംബറിൽ അമേരിക്കയിലെ മിയാമിയിൽ വെച്ച് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ചെയ്യുന്ന സമയത്തായിരുന്നു ’45’ എന്ന കന്നഡ ചിത്രത്തിൽ താരം അഭിനയിച്ചത്. മുടികൊഴിച്ചിലും കടുത്ത ക്ഷീണവും വകവെക്കാതെയാണ് താൻ ആ സിനിമ പൂർത്തിയാക്കിയതെന്ന് ഫെബ്രുവരിയിൽ നൽകിയ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.