ഹുക്ക ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ബാബാ രാംദേവ്; ശാസ്ത്രീയതയില്ലാത്ത വാദത്തിനെതിരെ രൂക്ഷവിമർശനം, സോഷ്യൽ മീഡിയയിൽ ട്രോൾമഴ
ഇ-സിഗരറ്റും ശീഷയും അടക്കമുള്ള പുകയില ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നതിനിടെ, ‘ആയുർവേദിക് ഹുക്ക’ എന്ന അവകാശവാദവുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമേകുമെന്നാണ് രാംദേവിന്റെ വാദം. എന്നാൽ, യാതൊരുവിധ ശാസ്ത്രീയ അല്ലെങ്കിൽ മെഡിക്കൽ പിൻബലവുമില്ലാത്ത ഈ പ്രചാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനവും പരിഹാസവുമാണ് ഉയരുന്നത്.
ഇരട്ടിമധുരം, മഞ്ഞൾ, കടുക്, പശുവിൻ നെയ്യ്, കർക്കടകശൃംഗി, പച്ചക്കർപ്പൂരം എന്നിവ ചേർത്താണ് ആയുർവേദിക് ഹുക്ക തയ്യാറാക്കിയതെന്ന് രാംദേവ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. ഈ മിശ്രിതം കുഴലിൽ ചേർത്തുവലിച്ച് പുറത്തുവിടുന്ന പുക ശ്വസിക്കുന്നത് നാസാദ്വാരങ്ങളിലെ പ്രയാസങ്ങൾ പരിഹരിക്കുമെന്നും ചുമ, ശ്വസനസംബന്ധമായ അസുഖങ്ങൾ എന്നിവ മാറ്റുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. ആയുർവേദപ്രകാരമുള്ള വാത, പിത്ത, കഫ എന്നീ ശക്തികളെ അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചതെന്നും അദ്ദേഹം വാദിക്കുന്നു.
എന്നാൽ, രാംദേവിന്റെ അവകാശവാദങ്ങൾ വലിയ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. യാതൊരുവിധ മെഡിക്കൽ തെളിവുകളുമില്ലാതെ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. കാർബൺ മോണോക്സൈഡും കാർസിനോഗൻസും ഉള്ളിലെത്തിക്കുന്ന ഇത്തരം രീതികൾ സിഗരറ്റ് വലിക്കുന്നതിനേക്കാൾ ദോഷകരമാണെന്നും, ഇത് ആസ്ത്മ, ബ്രോൺചിറ്റിസ് തുടങ്ങിയ ഗുരുതര അവസ്ഥകളിലേക്ക് നയിക്കുമെന്നും ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകുന്നു.
പുകയില ഉത്പന്നങ്ങളുടെയത്ര ദോഷമില്ലെന്ന ധാരണയിൽ ചെറുപ്പക്കാരിലടക്കം വേപ്പിങ്ങും ഹുക്ക ഉപയോഗവും വ്യാപകമാകുന്നതിനിടെയാണ് യാതൊരു പഠനങ്ങളുടെയും പിൻബലമില്ലാതെ രാംദേവ് പുതിയ ഉത്പന്നവുമായി എത്തിയിരിക്കുന്നത്. വിഷയം സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കും വിമർശനങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.