അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി; മുരിങ്ങക്കൃഷിയിലൂടെ ലക്ഷങ്ങൾ കൊയ്ത് സോഫ്റ്റ്വെയർ എഞ്ചിനീയർ
മുംബൈ: സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത് പലരുടെയും സ്വപ്നമാണെങ്കിലും വെല്ലുവിളികൾ ഭയന്ന് പലരും പിന്മാറാറാണ് പതിവ്. എന്നാൽ അമേരിക്കയിലെ ഉയർന്ന ശമ്പളമുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുകയും അതിൽ വൻ വിജയം നേടുകയും ചെയ്ത സാഗർ ഖാരെ എന്ന യുവാവ് ഏവർക്കും ഒരു മികച്ച മാതൃകയാവുകയാണ്.
മഹാരാഷ്ട്രയിലെ തന്റെ സ്വന്തം നാട്ടിൽ അഞ്ചേക്കർ സ്ഥലത്ത് മുരിങ്ങക്കൃഷി ചെയ്ത് പ്രതിവർഷം 36 ലക്ഷം രൂപയാണ് ഈ യുവാവ് വരുമാനമായി നേടുന്നത്. ഈയടുത്ത് ‘ഫൗണ്ടേഴ്സ് വിഷൻ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന സാഗറിന്റെ വിജയഗാഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലുള്ള കുർദുവാഡിയിലാണ് സാഗറിന്റെ സ്വദേശം. പരമ്പരാഗതമായി കൃഷി ചെയ്യുന്ന കുടുംബത്തിലാണ് സാഗർ ജനിച്ചുവളർന്നത്. കോർപ്പറേറ്റ് ലോകത്തേക്കാൾ തനിക്ക് അനുയോജ്യം കാർഷിക മേഖലയാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞ അദ്ദേഹം, വിദേശത്തെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ജോലി മികച്ചതായിരുന്നെങ്കിലും കൃഷിയിടത്തിൽ സമയം ചെലവഴിക്കുന്നതാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് സാഗർ പറയുന്നു.
രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബാധ്യതകളും തിരിച്ചറിഞ്ഞ അദ്ദേഹം പൂർണ്ണമായും ജൈവകൃഷി രീതികളാണ് അവലംബിച്ചത്. സോളാപൂരിലെ കൊടും ചൂടിനെ (ചിലപ്പോൾ 45°C-ന് മുകളിൽ) അതിജീവിക്കാൻ കഴിയുന്ന വിളകളെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് മുരിങ്ങ കൃഷി ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി തമിഴ്നാട്ടിലെയും മധ്യപ്രദേശിലെയും കർഷകരെ നേരിൽ കണ്ട് അദ്ദേഹം മുരിങ്ങക്കൃഷിയുടെ വാണിജ്യ സാധ്യതകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയുള്ള സാഗറിന്റെ കഠിനാധ്വാനം വളരെ വേഗം ഫലം കണ്ടു. അഞ്ചേക്കറിലെ മുരിങ്ങക്കൃഷിയിൽ നിന്ന് ഇപ്പോൾ പ്രതിവർഷം 36 ലക്ഷം രൂപയാണ് വിറ്റുവരവ് ലഭിക്കുന്നത്. ഇതിൽ മുരിങ്ങയില വിൽപ്പനയിലൂടെ 12 ലക്ഷവും, മുരിങ്ങക്കായ വിൽപ്പനയിലൂടെ 17 ലക്ഷവും, വിത്ത് വിൽപ്പനയിലൂടെ 7 ലക്ഷം രൂപയുമാണ് അദ്ദേഹം നേടുന്നത്. തൊഴിലാളികളുടെ കൂലി, ജൈവവളം, മറ്റ് പരിപാലന ചെലവുകൾ എന്നിവ മാറ്റിവെച്ചാൽ പോലും പ്രതിവർഷം 30 ലക്ഷം രൂപ അറ്റാദായമായി സാഗറിന് ലഭിക്കുന്നുണ്ട്. ഉണക്കിപ്പൊടിച്ച മുരിങ്ങയില കിലോഗ്രാമിന് 500 മുതൽ 600 രൂപ വരെ നിരക്കിൽ മൊത്തവ്യാപാരികൾക്കും ഓർഗാനിക് സ്റ്റോറുകൾക്കുമാണ് ഇദ്ദേഹം വിതരണം ചെയ്യുന്നത്.
ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും മുരിങ്ങക്കായക്കും പോഷകസമൃദ്ധമായ മുരിങ്ങയില പൊടിക്കും ഇന്ന് വലിയ ഡിമാൻഡാണുള്ളത്. ലോകത്താകമാനമുള്ള മുരിങ്ങയുടെ ആവശ്യകതയുടെ 80 ശതമാനത്തിലധികവും ഇന്ത്യയിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. വെറും കഠിനാധ്വാനം മാത്രമല്ല, ശാസ്ത്രീയമായ അറിവും കൃത്യമായ ആസൂത്രണവും മികച്ച വിള തെരഞ്ഞെടുപ്പുമുണ്ടെങ്കിൽ കൃഷിയിലൂടെയും ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് സാഗർ തെളിയിക്കുന്നു. എല്ലാവരും മികച്ച ശമ്പളമുള്ള വൈറ്റ് കോളർ ജോലികൾക്ക് പിന്നാലെ പായുമ്പോൾ, സ്വന്തം മണ്ണിൽ പൊന്നുവിളയിച്ച് നിശബ്ദമായൊരു കാർഷിക വിപ്ലവം സൃഷ്ടിക്കുകയാണ് ഈ യുവാവ്.