ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകർന്നു; സീറ്റിലിരുന്ന യുവതി താഴേക്ക് വീണ് കാലൊടിഞ്ഞു
നീലേശ്വരം: പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) അപകടത്തിൽ പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. ബസ് പടന്നക്കാട് ഐങ്ങോത്ത് പിന്നിട്ടപ്പോഴായിരുന്നു വലിയ ശബ്ദത്തോടെ ടയർ പൊട്ടിത്തെറിച്ചത്. ഇതിന്റെ ആഘാതത്തിൽ ടയറിന് മുകൾഭാഗത്തുള്ള പ്ലാറ്റ്ഫോം പൂർണ്ണമായും തകരുകയായിരുന്നു. ഈ ഭാഗത്തെ സീറ്റിലിരിക്കുകയായിരുന്ന കുഞ്ഞായിഷ താഴേക്ക് വീഴുകയും തകർന്ന പ്ലാറ്റ്ഫോമിൽ കുടുങ്ങുകയുമായിരുന്നു.
അപകടത്തിൽ ഇവരുടെ ഇടതുകാലിന്റെ എല്ലിന് ഗുരുതരമായി പൊട്ടലേറ്റിട്ടുണ്ട്. കാലിന്റെ എല്ല് പുറത്തേക്ക് തള്ളിയ നിലയിലായിരുന്ന കുഞ്ഞായിഷയെ കെഎസ്ആർടിസി ജീവനക്കാർ തന്നെയാണ് ഉടൻ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. തയ്യൽത്തൊഴിലാളികളാണ് കുഞ്ഞായിഷയും ഭർത്താവും. ബസ്സിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. സംഭവത്തിൽ കാഞ്ഞങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.