മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആൻറോ അഗസ്റ്റിനെതിരെ പരാതി; കേസെടുക്കാൻ കമ്മിഷണറുടെ നിർദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉയർന്ന വ്യാജ വിവാഹ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിൽ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകി. റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ കെ.പി.സി.സി വക്താവ് രാജു പി. നായർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഈ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് രാജു പി. നായരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. ഡി.ജി.പിക്ക് ലഭിച്ച പരാതി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറുകയായിരുന്നു. തുടർന്ന് കേസെടുക്കണമെന്ന നിർദ്ദേശത്തോടെ കമ്മിഷണർ ഈ പരാതി തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറി. സൈബർ പൊലീസ് ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.
ഒരു പൊതുചടങ്ങിൽ വെച്ച് ആന്റോ അഗസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലാണ് ഈ പരാതിക്ക് ആധാരമായത്. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാമതൊരു വിവാഹം രജിസ്റ്റർ ചെയ്തതായുള്ള വിവാഹ സർട്ടിഫിക്കറ്റുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചുവെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തൽ. ഇത് വാർത്തയായി നൽകണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും, രേഖകളുടെ ആധികാരികതയിൽ സംശയം തോന്നിയതിനാൽ വാർത്ത കൊടുക്കേണ്ടതില്ലെന്ന് താൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ തന്റെ കയ്യിൽ ഈ രണ്ട് യുവാക്കൾ ഏൽപ്പിച്ചുവെന്ന് ആന്റോ അഗസ്റ്റിൻ അവകാശപ്പെടുന്ന ഈ രേഖകൾ പിടിച്ചെടുക്കണമെന്ന് പരാതിയിൽ രാജു പി. നായർ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനും മുഖ്യമന്ത്രിയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുമുള്ള ശ്രമമാണ് നടന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്ത ഈ യുവാക്കളെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് എത്രയും വേഗം കണ്ടെത്തണമെന്നും അവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. വി.ഡി. സതീശനെതിരായ ഈ ഗൂഢാലോചനയിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.