20/10/2026
[fontresizer_tawhidurrahmandear_widget]

കത്രീന കൈഫിനെതിരായ ബോഡി ഷെയ്‌മിങ്: വേദിയിൽവെച്ച് ടി-ഷർട്ട് ഊരി, മേക്കപ്പ് തുടച്ച് സൽമാൻ ഖാൻ; ട്രോളന്മാർക്കെതിരെ മാസ്സ് മറുപടി

 കത്രീന കൈഫിനെതിരായ ബോഡി ഷെയ്‌മിങ്: വേദിയിൽവെച്ച് ടി-ഷർട്ട് ഊരി, മേക്കപ്പ് തുടച്ച് സൽമാൻ ഖാൻ; ട്രോളന്മാർക്കെതിരെ മാസ്സ് മറുപടി

മുംബൈ: സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്‌മിങ്ങിനും വ്യക്തിഹത്യകൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. പ്രസവാനന്തരം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെയും പ്രായത്തെയും പരിഹസിക്കുന്ന ഓൺലൈൻ ട്രോളുകളെ അദ്ദേഹം ശക്തമായി അപലപിച്ചു. അടുത്തിടെ അംബാനി കുടുംബത്തിന്റെ ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ നടി കത്രീന കൈഫിന്റെ രൂപത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അധിക്ഷേപങ്ങൾ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സൽമാൻ ഖാന്റെ രൂക്ഷമായ പ്രതികരണം.

‘ബിഗ് ബോസ് 20’-ൻ്റെ പുതിയ ‘വീക്കെൻഡ് കാ വാർ’ എപ്പിസോഡിലാണ് സൈബർ ബുള്ളിയിങ്ങിനെതിരെ സൽമാൻ പരസ്യമായി രംഗത്തുവന്നത്. താൻ നേരിടുന്ന പ്രായത്തെച്ചൊല്ലിയുള്ള പരിഹാസങ്ങളെക്കുറിച്ചും അദ്ദേഹം വേദിയിൽ തുറന്നുപറഞ്ഞു. തനിക്ക് ഇപ്പോൾ 60 വയസ്സായെന്നും പതിറ്റാണ്ടുകൾക്ക് മുൻപ് ഇറങ്ങിയ ‘മേം നെ പ്യാർ കിയ’ സിനിമയിലെപ്പോലെ എപ്പോഴും കാണപ്പെടാൻ കഴിയില്ലെന്നും സൽമാൻ ഓർമ്മിപ്പിച്ചു. ട്രോളർമാർക്കുള്ള മറുപടിയായി വേദിയിൽ വെച്ച് തന്നെ സ്വന്തം തൊപ്പിയും ജാക്കറ്റും ടി-ഷർട്ടും ഊരിയ താരം, മുഖത്തെ മേക്കപ്പും തുടച്ചുമാറ്റി. “ഭായ് തടിച്ചു, ഇനി ഭായിയെ ട്രോൾ ചെയ്യൂ” എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഈ വെല്ലുവിളി.

ഒരാളുടെ ശരീരഭാരം, രൂപം, കുടുംബം, പ്രായം അല്ലെങ്കിൽ അമ്മയാകുന്നത് എന്നിവയെക്കുറിച്ച് പരിഹസിക്കുന്നത് ട്രോളർമാരുടെ വളർത്തലിന്റെ ഗുണനിലവാരമാണ് കാണിക്കുന്നതെന്ന് സൽമാൻ തുറന്നടിച്ചു. ഒരു കലാകാരന്റെ ജോലിയെ വിമർശിക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും രണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സിനിമയോ അഭിനയമോ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയാൻ പ്രേക്ഷകർക്ക് അവകാശമുണ്ട്, എന്നാൽ അത് വ്യക്തിപരമായ അധിക്ഷേപമാകരുത്. ടിക്കറ്റ് വാങ്ങിയതുകൊണ്ട് ഒരു നടനെ വിലയ്‌ക്കെടുത്തിട്ടില്ലെന്ന് ട്രോളർമാർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ ട്രോളുകൾക്ക് പുറമെ നടിമാർ നേരിടുന്ന പാപ്പരാസി സംസ്‌കാരത്തെയും സൽമാൻ രൂക്ഷമായി വിമർശിച്ചു. വാഹനങ്ങളിൽ നിന്ന് ഇറങ്ങുമ്പോൾ നടിമാരുടെയും തന്റെ കുടുംബാംഗങ്ങളുടെയും ശരീരഭാഗങ്ങളിലേക്ക് ക്യാമറകൾ ഫോക്കസ് ചെയ്യുന്നത് ശരിയായ പ്രവണതയല്ല. സെലിബ്രിറ്റികളുടെ ശരീരവും ജീവിതവും പൊതുസ്വത്താണെന്ന ചിന്താഗതിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

പേര് പരാമർശിച്ചില്ലെങ്കിലും പ്രസവാനന്തരം ശരീരഭാരം കൂടിയതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട സുഹൃത്തും നടിയുമായ കത്രീന കൈഫിനെ പിന്തുണച്ചും സൽമാൻ സംസാരിച്ചു. “ഗർഭിണിയാകുമ്പോൾ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവരത് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. സിനിമകളിലേക്ക് മടങ്ങിയെത്തുമ്പോൾ അവർ വീണ്ടും ഫിറ്റാകും. എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ പരിഹസിക്കുന്നത്?” അദ്ദേഹം ചോദിച്ചു.

സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം നിരന്തരമായ അധിക്ഷേപങ്ങൾ വ്യക്തികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൽമാൻ മുന്നറിയിപ്പ് നൽകി. ഫേക്ക് അക്കൗണ്ടുകൾ വഴി മറ്റുള്ളവരെ താഴ്ത്തിക്കെട്ടി പണം സമ്പാദിക്കുന്ന രീതിയെ അദ്ദേഹം വിമർശിച്ചു. മറ്റുള്ളവരെ പരിഹസിക്കുന്നതിന് മുൻപ് സ്വന്തം ജീവിതത്തിലേക്കും ആരോഗ്യത്തിലേക്കും നോക്കാനാണ് സൽമാൻ ട്രോളർമാർക്ക് നൽകുന്ന ഉപദേശം

Also read: