“ജനങ്ങളുടെയും ടീമിൻ്റെയും പ്രതീക്ഷ ഇപ്പോഴും ഞാനാണ്”; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള തന്റെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യത്തെ ജനങ്ങളും ടീമും തന്നിൽ ഇപ്പോഴും പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നും, അതിനാലാണ് ദേശീയ ജേഴ്സിയിൽ ഇനിയും തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന് തന്റെ സേവനം ആവശ്യമില്ലെന്ന് തോന്നുമ്പോഴോ അധികൃതർ ആവശ്യപ്പെടുമ്പോഴോ താൻ സ്വയം പെട്ടിയുമെടുത്ത് മടങ്ങുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
അതേസമയം, ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനിനോടേറ്റ തോൽവിക്ക് ശേഷം പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചിരുന്നതായും റൊണാൾഡോ വെളിപ്പെടുത്തി. “വർത്തമാനകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അതിനാലാണ് ഞാൻ ഇപ്പോഴും ഇവിടെ തുടരുന്നത്”, വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്റ് പെഡ്രോ പ്രോ എൻസ, പരിശീലകൻ ജോർജ്ജ് ജീസസ് എന്നിവരുമായി സംസാരിച്ചുവെന്നും ടീമിനെ തുടർന്നും സഹായിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോളുകൾ നേടുന്നതിലൂടെ മാത്രമല്ല, കളിക്കളത്തിന് പുറത്ത് യുവതലമുറയ്ക്ക് തന്റെ അനുഭവസമ്പത്ത് പകർന്നുനൽകാനും തനിക്ക് സാധിക്കുമെന്ന് റൊണാൾഡോ വ്യക്തമാക്കി.
നേഷൻസ് ലീഗിൽ വെയ്ൽസിനെതിരെയുള്ള മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ തന്നെ റൊണാൾഡോ കളിക്കുമെന്ന് പരിശീലകൻ ജോർജ്ജ് ജീസസ് സ്ഥിരീകരിച്ചു. പോർച്ചുഗൽ ജേഴ്സിയിൽ റൊണാൾഡോയുടെ 234-ാം മത്സരമായിരിക്കും ഇത്. ദേശീയ ടീമിനെ ലക്ഷ്യങ്ങളിലേക്ക് നയിക്കാൻ ഇനിയും സാധിക്കുമെന്നും, ടീമിന് താൻ ഉപകാരപ്പെടില്ലെന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമേ കളി അവസാനിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
2025-ലെ നേഷൻസ് ലീഗ് കിരീടത്തിലേക്ക് പോർച്ചുഗലിനെ നയിച്ച ക്യാപ്റ്റനായ റൊണാൾഡോ, കരിയറിൽ 1,000 ഗോളുകൾ എന്ന നാഴികക്കല്ലിനോട് അടുക്കുകയാണ്. ടീമിൽ പുതിയൊരു യുവതലമുറയാണുള്ളതെങ്കിലും, മൈതാനത്ത് ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിക്കുക എന്നതാണ് തന്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വന്തം രാജ്യത്ത് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും റൊണാൾഡോ മനസുതുറന്നു. പോർച്ചുഗലിലെ സാധാരണ ആരാധകർക്ക് തന്നെ ഇഷ്ടമാണെങ്കിലും, ചില ടിവി ചാനലുകൾ തന്നെ വിമർശിക്കാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഇനി ദേശീയ ടീമിലേക്ക് വരരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിലും, അതൊന്നും കാര്യമാക്കാതെ മുന്നോട്ടുപോകാൻ തനിക്ക് സാധിക്കും. കഴിഞ്ഞ 20 വർഷത്തിലധികമായി ഇത്തരം വിമർശനങ്ങൾ നേരിട്ട് ശീലമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ സ്നേഹിക്കുന്ന ആളുകൾക്കൊപ്പമാണ് തന്റെ ഓർമകളെന്നും, കുട്ടികൾ തന്നെ മാതൃകയായി കാണുന്നതിനാലാണ് അവർ സ്നേഹിക്കുന്നതെന്നും വ്യക്തമാക്കിയ റൊണാൾഡോ, ‘ഒരുപക്ഷേ 10 വർഷത്തിന് ശേഷമുള്ള വിരമിക്കലിന് ശേഷവും ഞാൻ ഇതൊക്കെ തുടരും’ എന്ന് ചിരിച്ചുകൊണ്ട് തമാശയായി പറഞ്ഞു.