22/10/2026
[fontresizer_tawhidurrahmandear_widget]

‘സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല; അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തത്’: കെ. മുരളീധരൻ

 ‘സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല; അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തത്’: കെ. മുരളീധരൻ

തൃശൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ യാതൊരുവിധ മരുന്ന് ക്ഷാമവുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിൽ 657 ഇനം ജീവൻരക്ഷാ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ലഭ്യമാണെന്നും വ്യാജപ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലരുടെ അസൂയക്കും കഷണ്ടിക്കും മാത്രമാണ് നിലവിൽ മരുന്നില്ലാത്തതെന്നും, ബ്ലാക്ക് സ്റ്റോൺ ഏജന്റുമാരെപ്പോലെ ആരോഗ്യ മേഖലയ്ക്കെതിരെ ചിലർ ബോധപൂർവം കുപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് വിമാനയാത്രാ വിവാദത്തെയും മന്ത്രി പ്രതിരോധിച്ചു. കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക യാത്രാരീതികളിലും മാറ്റങ്ങൾ സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. പഴയ കരിവണ്ടികൾ മാറി നാട്ടിൽ വന്ദേഭാരത് ട്രെയിനുകൾ വന്നതുപോലെയുള്ള മാറ്റമാണിത്. മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയനും ഇതേ കമ്പനിയുടെ വിമാനം ഉപയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർ ചെയ്തത് ആരാണെന്ന കാര്യം മാധ്യമങ്ങൾക്ക് വ്യക്തമായി അറിയാവുന്നതാണെന്നും മുഖ്യമന്ത്രി തന്നെ അത് കൃത്യസമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഇപ്പോൾ അത്തരമൊരു സ്വകാര്യ വിമാനയാത്ര നടത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശബരിമലയിലെ സ്വർണ്ണക്കിരീടം കാണാനില്ലെന്ന പ്രചാരണങ്ങൾ തള്ളിയ മന്ത്രി, തിരുവാഭരണത്തിന്റെ ഭാഗമായ കിരീടം സന്നിധാനത്ത് സുരക്ഷിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. സന്നിധാനത്തെ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ച് വിലയിരുത്തുന്നതിനായി എ.ഡി.എമ്മിനെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ കണ്ടെത്തിയാൽ കർശനമായ നടപടിയുണ്ടാകും. മുറുക്കിപ്പിടിക്കേണ്ട കാര്യങ്ങളെ മുറുക്കിപ്പിടിച്ചുതന്നെ മുന്നോട്ടുപോകുമെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: