31 വർഷം മുമ്പ് 100 രൂപ കൈക്കൂലി വാങ്ങി; 75-ാം വയസ്സിൽ മുൻ റെയിൽവേ ജീവനക്കാരൻ ജയിലിലേക്ക്
റാഞ്ചി: മൂന്ന് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അഴിമതിക്കേസിൽ 75-കാരനായ മുൻ റെയിൽവേ ജീവനക്കാരന്റെ ശിക്ഷ ശരിവെച്ച് ജാർഖണ്ഡ് ഹൈക്കോടതി. 1995-ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഹാതിയ റെയിൽവേ സ്റ്റേഷനിലെ മുൻ ബുക്കിങ് ക്ലാർക്കായ കാളിശങ്കർ ധോബിക്കാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാൽ പ്രായവും കേസിന്റെ ദീർഘകാലതാമസവും പരിഗണിച്ച് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ ഒരു വർഷമായി ഹൈക്കോടതി കുറച്ചുനൽകി.
1995-ൽ ഹാതിയയിൽ നിന്ന് സമസ്തിപൂരിലേക്ക് മൗര്യ എക്സ്പ്രസ് വഴി മോട്ടോർ സൈക്കിൾ ബുക്ക് ചെയ്യാനെത്തിയ യാത്രക്കാരനിൽ നിന്നാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. നിർദ്ദിഷ്ട നിയമപരമായ ഫീസായ 203 രൂപയ്ക്ക് പുറമെ 100 രൂപ കൂടി നൽകിയാലേ ബുക്കിങ് നടത്തൂ എന്ന് ഉദ്യോഗസ്ഥൻ നിർബന്ധം പിടിക്കുകയായിരുന്നു. തുടര്ന്ന് പരാതിക്കാരൻ സിബിഐയെ സമീപിക്കുകയായിരുന്നു.
തുടർന്ന്, ഫിനോൾഫ്തലീൻ പൊടി പുരട്ടിയ 100 രൂപ നോട്ട് ഉപയോഗിച്ച് സിബിഐ സംഘം കെണിയൊരുക്കി. സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ പരാതിക്കാരനിൽ നിന്ന് പ്രതി പണം വാങ്ങിയ ഉടൻ സിബിഐ ഇയാളെ പിടികൂടുകയും രാസപരിശോധനയിലൂടെ തെളിവ് സ്ഥിരീകരിക്കുകയും ചെയ്തു.
കേസിന്റെ വിചാരണക്കോടതി വിധിക്ക് ഒമ്പത് വർഷവും അപ്പീൽ തീർപ്പാക്കാൻ രണ്ടു പതിറ്റാണ്ടിലധികവും സമയമെടുത്തു. സാക്ഷികളുടെ മൊഴിയിലെ വൈരുധ്യങ്ങളും സാങ്കേതിക തടസ്സങ്ങളും ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചെങ്കിലും ഹൈക്കോടതി അത് പൂർണമായും തള്ളി. ഒരു പൊതുപ്രവർത്തകൻ നിശ്ചിത ഫീസിന് പുറമെ വാങ്ങുന്ന ഏതൊരു തുകയും കൈക്കൂലിയുടെ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കി.
വിചാരണക്കോടതി ഒന്നര വർഷത്തെ ശിക്ഷ വിധിച്ചിരുന്നെങ്കിലും, പ്രതിക്ക് നിലവിൽ 75 വയസ്സുള്ളതും വാർദ്ധക്യസഹജമായ അസുഖങ്ങളുള്ളതും കണക്കിലെടുത്ത് ഹൈക്കോടതി ശിക്ഷ ഒരു വർഷത്തെ തടവായി കുറയ്ക്കുകയായിരുന്നു. ഇയാൾക്ക് ഇതിനകം ജോലി നഷ്ടപ്പെടുകയും പിഴ തുക ഒടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിനകം വിചാരണക്കോടതിയിൽ കീഴടങ്ങാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്; വീഴ്ച വരുത്തിയാൽ കസ്റ്റഡിയിലെടുക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.