വീടുകളും റോഡുമുണ്ടായിരുന്നിടത്ത് മണൽക്കൂമ്പാരം മാത്രം; ശ്മശാനഭൂമിയായി ഗസ്സ; ഞെട്ടിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ഗസ്സ: കഴിഞ്ഞ മൂന്ന് വർഷമായി ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളുടെ ഭീകരത വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ഗൂഗിൾ മാപ്സ് പുതുതായി അപ്ഡേറ്റ് ചെയ്ത ഉപഗ്രഹ ചിത്രങ്ങളിലാണ് ഗസ്സയിലെ നിരവധി പ്രദേശങ്ങൾ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിൽ കാണുന്നത്. ജനവാസ മേഖലകൾ പലതും കേവലം അവശിഷ്ടങ്ങളായി മാറിയപ്പോൾ, പ്രധാന റോഡുകളുടെ മങ്ങിയ രൂപരേഖകൾ മാത്രമാണ് അവശേഷിക്കുന്നത്.
കൃഷിയിടങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് കെട്ടിടങ്ങളാണ് തകർന്നുപോയത്. ഐക്യരാഷ്ട്രസഭയുടെ സാറ്റ്ലൈറ്റ് സെന്റർ റിപ്പോർട്ട് പ്രകാരം, ഗസ്സയിലെ 82 ശതമാനം കെട്ടിടങ്ങൾക്കും ,ഏകദേശം രണ്ട് ലക്ഷത്തോളം കേടുപാടുകൾ സംഭവിച്ചു. ഇതിൽ മൂന്നിൽ രണ്ടും പൂർണ്ണമായും തകർന്നതായി യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ വ്യക്തമാക്കുന്നു.
യുദ്ധത്തിന്റെ തുടക്കത്തിൽ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ അഭയം തേടിയത് തെക്കേ അറ്റത്തുള്ള റഫ നഗരത്തിലായിരുന്നു. എന്നാൽ 2024 മെയ് മാസത്തിൽ ഇസ്രയേൽ സൈനിക നടപടി ആരംഭിച്ചതോടെ പത്ത് ലക്ഷത്തോളം പേർക്ക് ഇവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നു. റഫയുടെ പടിഞ്ഞാറൻ മേഖലയിലെ താൽ അസ് സുൽത്താൻ ഒരുകാലത്ത് ജനസാന്ദ്രമായ പ്രദേശമായിരുന്നു. പുതിയ ചിത്രങ്ങളിൽ ഇവിടെ വീടുകൾ നിന്നിരുന്ന സ്ഥാനത്ത് വെറും മണൽ പ്രദേശം മാത്രമാണുള്ളത്.
യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രയേൽ മാനുഷിക മേഖലയായി പ്രഖ്യാപിക്കുകയും, റഫയിലും ഖാൻ യൂനിസിലും നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരോട് സുരക്ഷ തേടാൻ ആവശ്യപ്പെടുകയും ചെയ്ത പ്രദേശമാണ് അൽ മവാസി. റഫയിലെ സൈനിക നടപടിയെ തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് മാറിയത്. പിന്നീട് ഇവിടെയും പലതവണ വ്യോമാക്രമണങ്ങൾ നടന്നു. ഒരുകാലത്ത് ജനവാസം കുറവായിരുന്ന ഈ പ്രദേശം ഇപ്പോൾ അഭയാർത്ഥികളുടെ ടെന്റുകളാൽ നിറഞ്ഞിരിക്കുകയാണ്.
ഏറ്റവും കൂടുതൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച ഗവർണറേറ്റാണ് ഖാൻ യൂനിസ് (51,885 കെട്ടിടങ്ങൾ). പ്രധാന കാർഷിക മേഖലകളിലൊന്നായ ഇവിടെ വലിയ തോതിൽ കൃഷിയിടങ്ങളും നശിച്ചു. മആൻ മേഖലയിലെ ഇന്തോനേഷ്യൻ ഇസ്തിഖ്ലാൽ മസ്ജിദും യുദ്ധത്തിൽ തകർന്നു.
51,530 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച ഗസ്സ സിറ്റിയാണ് നാശനഷ്ടങ്ങളിൽ രണ്ടാമത്. ഇതിൽ 41,663 കെട്ടിടങ്ങളും നഗരത്തിൽ തന്നെയാണ്. ഒരുകാലത്ത് 1.10 ലക്ഷം പേർക്ക് ഉപജീവനം നൽകിയിരുന്ന ഗസ്സ സിറ്റിയിലെ തുറമുഖവും പൂർണ്ണമായും തകർന്നു. ഭൂരിഭാഗം മത്സ്യബന്ധന ബോട്ടുകളും നശിച്ചതായി യുഎൻ ഭക്ഷ്യ-കാർഷിക സംഘടന വ്യക്തമാക്കി.
ഗസ്സയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ ജബലിയയിലെ നിരവധി ബ്ലോക്കുകൾ പൂർണ്ണമായും തകർന്ന നിലയിലാണെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. ബൈത് ലാഹിയ, ജബലിയ തുടങ്ങിയ വടക്കൻ മേഖലകൾ ആവർത്തിച്ചുള്ള കുടിയൊഴിപ്പിക്കലിനും മാനുഷിക സഹായങ്ങൾ തടയുന്നതിനും ഇരയായിരുന്നു. 2023 ഒക്ടോബർ 7-ന് ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം 74,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1.75 ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്കുകൾ. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ യഥാർത്ഥ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.